പറവൂർ
ഓട്ടോ ഡ്രൈവറായ ബിജുവിന്റെ മൂത്ത മകളാണ് പുല്ലംകുളം എസ്എൻ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി നിവേദിത (മാളു). അനിയത്തി, ഗവ. എൽപിജി സ്കൂളിൽ അഞ്ചാംക്ലാസിലെ ശ്രീവേദയെയും ശ്രീരാഗിനെയുംകൂട്ടി അഭിനവ് പുഴ കാണാനിറങ്ങാൻ തുനിഞ്ഞപ്പോൾ നിവേദിത തടഞ്ഞു. എന്നാൽ, ഈ മൂന്നുപേരും ഒരു സൈക്കിളിൽ പുഴയോരത്തേക്ക് തിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ പുഴ കാണാൻ തിരിച്ച കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങി. ആദ്യം പുഴയ്ക്ക് അക്കരെയുള്ള മുസിരിസ് ബോട്ട്ജെട്ടിയിലും പരിസരത്തും അന്വേഷണം തകൃതിയായി നടന്നു. വൈകിട്ട് അഞ്ചരയോടെ ബിജുവിന്റെ ഭാര്യ കവിത ചെറിയപല്ലംതുരുത്തിൽ തട്ടുകടവ് പാലത്തിന്റെ അടിയിൽ എത്തിയപ്പോൾ അവിടെ സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും ഇരിക്കുന്നതുകണ്ട് അവർ വാവിട്ട് നിലവിളിക്കുകയായിരുന്നു. അതോടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടതായി മനസ്സിലാ
യത്.
പല്ലംതുരുത്തുകാരും പറവൂരുകാരും പുഴയ്ക്ക് ഇരുവശവും പാലത്തിനുമുകളിലും നിറഞ്ഞു. ഫയർ ആൻഡ് റെസ്ക്യു ടീമും പൊലീസും ഫയർഫോഴ്സും എത്തി. അന്വേഷണം നടക്കുന്ന ഓരോഘട്ടത്തിലും കുട്ടികൾ മറ്റിടങ്ങളിൽനിന്ന് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ജനം പുലർത്തിയത്. എന്നാൽ, സമയം രാത്രി ഏഴ് കഴിഞ്ഞതോടെ പ്രതീക്ഷകൾ കൈവിട്ട സ്ഥിതിയായി.















