തിരുവനന്തപുരം
ഏഴു വർഷംകൊണ്ട് കേരളത്തിലെ സ്റ്റാർട്ടപ് മേഖലയെ ലോക നിലവാരത്തിലേക്കുയർത്തി എൽഡിഎഫ് സർക്കാർ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള സ്റ്റാർട്ടപ് മിഷനെ തേടിയെത്തിയ ആഗോള പുരസ്കാരം. 2016ൽ ഒന്നാം പിണറായി സർക്കാർ വരുമ്പോൾ 300 സ്റ്റാർട്ടപ്പാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോഴത് 4043 ആണ്. ഇതിൽ 233 എണ്ണം വനിതകൾ നേതൃത്വം നൽകുന്നതാണ്. രണ്ടാം പിണറായി സർക്കാർ വന്നശേഷം രണ്ടുവർഷത്തിനുള്ളിൽ 950 എണ്ണം ആരംഭിച്ചു. സംസ്ഥാനത്തെ ബിസിനസ് ഇൻകുബേറ്ററും ആക്സിലറേറ്ററും വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യുബിസി ഗ്ലോബൽ നടത്തിയ പഠനത്തിലാണ് കേരളം മുന്നിലെത്തിയത്.
ലോകത്തെ 1895 സ്ഥാപനവുമായി മത്സരിച്ചാണ് നേട്ടം. കഴിഞ്ഞ വർഷം ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടിന്റെ (ജിഎസ്ഇആർ) അഫോഡബിൾ ടാലന്റ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതുമെത്തിയിരുന്നു. സ്റ്റാർട്ടപ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്കാരം തുടർച്ചയായ മൂന്നാം തവണയും നേടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 2500 കോടി രൂപയാണ് ഈ മേഖലയിൽ നിക്ഷേപമായെത്തിയത്. നിലവിൽ സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള നാല് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിൽനിന്ന് 800 കോടി രൂപയുടെ കോർപസ് ഫണ്ടാണ് കേരളത്തിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ലഭ്യമായത്. കഴിഞ്ഞ ബജറ്റിൽ വിവിധ സ്റ്റാർട്ടപ് മേഖലകളെ അടിസ്ഥാനമാക്കി കോർപസ് ഫണ്ട് രൂപീകരിക്കാൻ 30 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.