തൃശൂർ
നാല് പതിറ്റാണ്ടായി ആറ് സെന്റ് കുടിയിരിപ്പിന്റെ പട്ടയത്തിനുള്ള കാത്തിരിപ്പ്. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞു. മറ്റുള്ളവരുടെ ആധാരം പണയപ്പെടുത്തി വായ്പയെടുത്താണ് വിവാഹം നടത്തിയത്. അത് വീട്ടാനാകാത്ത സ്ഥിതി. പട്ടയമില്ലാത്ത ഭൂമിക്ക് ആര് വായ്പ നൽകാനാണ്. ആ ദുരിതകാലം താണ്ടി ഭൂമിയുടെ അവകാശിയാകാൻ ഒരുങ്ങുകയാണ് വടക്കാഞ്ചേരി കുമരനല്ലൂർ കുന്നാട്ടുപറമ്പ് തെലുങ്കർ കോളനിയിലെ അറുപത്തഞ്ചുകാരിയായ സുഭദ്ര. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും പട്ടയം ഏറ്റുവാങ്ങും. ഈ കോളനിയിലെ 41 കുടുംബങ്ങളിൽ 24 പേർക്കാണ് നിലവിൽ പട്ടയം അനുവദിച്ചിരിക്കുന്നത്.
സാങ്കേതിക പ്രശ്നം നീങ്ങിയാൽ ബാക്കിയുള്ളവർക്കും ഉടൻ പട്ടയം ലഭിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ഇടപെടലാണ് ഫലംകണ്ടത്. 1983 മുതൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഇവർക്ക് സ്ഥലത്തിന്റെ ഘടനയും രേഖകൾ ശരിയാക്കുന്നതിലെ തടസ്സവും വിലങ്ങ്തടിയായി. ഇപ്പോൾ ഓരോ സബ്ഡിവിഷൻ ഉണ്ടാക്കി പ്രത്യേക സംഘത്തെ നിയോഗിച്ച് സർവേ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഞായർ പകൽ 11.30നാണ് പട്ടയമേള. തൃശൂരിലെ 11,221 പേർക്ക് പട്ടയം നൽകും.