ലണ്ടൻ
അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽനിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കരകയറി. വൂൾവറാംപ്ടൺ വാണ്ടറേഴ്സിനെ രണ്ട് ഗോളിന് തോൽപ്പിച്ച് യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നാലാംസ്ഥാനം ഏറെക്കുറെ സുരക്ഷിതമാക്കി. അവസാന കളിയിൽ വെസ്റ്റ്ഹാം യുണൈറ്റഡിനോട് തോറ്റതോടെ എറിക് ടെൻ ഹാഗിന്റെ സംഘം പ്രതിസന്ധിയിലായിരുന്നു.
മൂന്ന് കളി ശേഷിക്കെ 66 പോയിന്റുമായി നാലാമതാണ് യുണൈറ്റഡ്. മൂന്നാംസ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡുമായി 2–-2ന് കുരുങ്ങി. ന്യൂകാസിലിനും 66 പോയിന്റാണ്. ഗോൾ വ്യത്യാസത്തിൽ മുന്നിൽനിൽക്കുന്നു.ടോട്ടനം ഹോട്സ്പറിനെ 2–-1ന് തോൽപ്പിച്ച് ആസ്റ്റൺ വില്ല യൂറോപ യോഗ്യതയ്ക്കുള്ള പോരാട്ടം സജീവമാക്കി. ഇരുടീമുകൾക്കും 57 വീതം പോയിന്റാണ്. ഗോൾ വ്യത്യാസത്തിൽ ടോട്ടനം മുന്നിലാണ്. ചെൽസി വീണ്ടും നിരാശപ്പെടുത്തി. നോട്ടിങ്ഹാം ഫോറസ്റ്റുമായി 2–-2ന് വഴങ്ങി.
വൂൾവ്സിനെതിരെ ഇറങ്ങുമ്പോൾ യുണൈറ്റഡിന് ജയം അനിവാര്യമായിരുന്നു. വെസ്റ്റ്ഹാമിനോട് തോറ്റതോടെ അഞ്ചാമതുള്ള ലിവർപൂളിന്റെ സമ്മർദമുണ്ടായിരുന്നു മുൻ ചാമ്പ്യൻമാർക്ക്. വൂൾവ്സിനെതിരെ കളിയുടെ തുടക്കംമുതൽ യുണൈറ്റഡ് നിയന്ത്രണംനേടി. അരമണിക്കൂർ കഴിയുമ്പോഴേക്കും ലീഡ് സ്വന്തമാക്കി. ആന്തണി മാർഷ്യൽ ലക്ഷ്യംകണ്ടു. ബ്രസീലുകാരൻ ആന്തണിയാണ് അവസരമൊരുക്കിയത്. കളിയുടെ അവസാനഘട്ടത്തിൽ അർജന്റീനക്കാരൻ അലെസാൻഡ്രോ ഗർണാച്ചോ യുണൈറ്റഡിന്റെ ജയം പൂർത്തിയാക്കി.
ഇനിയുള്ള മത്സരങ്ങളിൽ ബോണിമൗത്ത്, ചെൽസി, ഫുൾഹാം ടീമുകളുമായാണ് കളി. എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
റഹീം സ്റ്റെർലിങ് ഇരട്ടഗോൾ നേടിയെങ്കിലും ചെൽസി നിരാശപ്പെടുത്തി. പതിനാറാംസ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനോട് സ്വന്തം തട്ടകത്തിലാണ് സമനില വഴങ്ങിയത്. 11–-ാംസ്ഥാനത്താണ് ചെൽസി.മൂന്നാംസ്ഥാനത്ത് ലീഡുയർത്താനുള്ള അവസരമാണ് ന്യൂകാസിൽ നഷ്ടമാക്കിയത്. ലീഡ്സിനോട് തുടക്കത്തിൽ ഒരു ഗോളിനുപിന്നിലായ ന്യൂകാസിൽ കല്ലം വിൽസന്റെ ഇരട്ട പെനൽറ്റിയിൽ ലീഡ് നേടി. എന്നാൽ, അവസാന നിമിഷം സമനില വഴങ്ങി. ലീഡ്സ് താരംതാഴ്ത്തൽ മേഖലയിലാണ്.
ഫുൾഹാമിനോട് രണ്ട് ഗോളിന് തോറ്റ സതാംപ്ടൺ തരംതാഴ്ത്തപ്പെട്ടു.ബേൺലിയും ഷെഫീൽഡ് യുണെെറ്റഡും രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽനിന്നും അടുത്ത സീസണിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.ഇന്ന് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി എവർട്ടണെയും രണ്ടാമതുള്ള അഴ്സണൽ ബ്രൈറ്റണെയും നേരിടും. നിലവിൽ സിറ്റിക്ക് 34 കളിയിൽ 82 പോയിന്റാണ്.
ഒരു മത്സരം കൂടുതൽ കളിച്ച അഴ്സണലിന് 81 പോയിന്റും.