മംഗളൂരു
കർണാടക തെരഞ്ഞെടുപ്പിൽ തീവ്ര വർഗീയ പ്രചാരണം നടത്തിയ ബിജെപി തീരദേശത്തൊതുങ്ങി. വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമായ മൈസൂരു മേഖലയിൽ ആകെയുള്ള 61- സീറ്റിൽ 39ഉം കോൺഗ്രസ് നേടി. 2004നു ശേഷം ആദ്യമായി കുടകിലെ രണ്ടു സീറ്റും നേടി. വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന മാണ്ഡ്യയിൽ, ഏഴിൽ ആറു സീറ്റും കോൺഗ്രസ് നേടി. 2018-ൽ ഇവിടെ 30 സീറ്റ് നേടിയ ജെഡിഎസ് 16ൽ ഒതുങ്ങി. ബിജെപിക്ക് ആറു സീറ്റ്. സംഘപരിവാർ വർഗീയതയുടെ പരീക്ഷണശാലയാക്കി മാറ്റിയ തീരദേശ കർണാടകത്തിൽ ബിജെപി പിടിച്ചുനിന്നു. 19 സീറ്റിൽ 13ൽ ബിജെപി ജയിച്ചു. നാലു സീറ്റ് നഷ്ടമായി. ഹിജാബിനെതിരായ പ്രതിഷേധം തുടങ്ങിയ ഉഡുപ്പി ജില്ലയിലെ അഞ്ച് സീറ്റും ബിജെപി കൈയടക്കി. തീരമേഖലയിൽ കോൺഗ്രസിന് ആറും ജെഡിഎസിന് പൂജ്യം സീറ്റുമാണ്.
മധ്യ കർണാടകത്തിലെ 26 സീറ്റിൽ 18ൽ കോൺഗ്രസ് ജയിച്ചു. 2018ൽ അഞ്ചു സീറ്റായിരുന്നു. 21- സീറ്റിൽനിന്ന് ബിജെപി ആറിലേക്ക് ഒതുങ്ങി. ജെഡിഎസിനും സ്വതന്ത്രനും ഓരോ സീറ്റ്. ബിജെപിയുടെ സി ടി രവി ചികമഗളൂരുവിൽ തോൽവി ഏറ്റുവാങ്ങി.
ലിംഗായത്തുകളുടെ സമഗ്ര ആധിപത്യമുള്ള ബിജെപി കോട്ടയെന്ന് അവകാശപ്പെട്ടിരുന്ന വടക്കൻ കിറ്റൂർ കർണാടകത്തിൽ കോൺഗ്രസ് കടന്നുകയറി. 50 സീറ്റിൽ 33ഉം നേടി. 2018ൽ 30 സീറ്റ് ജയിച്ച ബിജെപി 16ൽ ഒതുങ്ങി. ഹാവേരി ജില്ലയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിച്ച ഷിഗ്ഗോൺ മാത്രമാണ് ബിജെപിക്ക് നിലനിർത്താനായത്.
40 സീറ്റുള്ള വടക്കുകിഴക്കൻ കല്യാണ കർണാടകത്തിൽ കോൺഗ്രസ് സീറ്റ് 25 ആയി ഉയർത്തി. ബിജെപി 15ൽ നിന്ന് 11 ആയി കുറഞ്ഞു.
കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി) എന്ന പാർടി ഉണ്ടാക്കി മത്സരിച്ച ഖനി വ്യാപാരി ഗാലി ജനാർദൻ റെഡ്ഡി ഗംഗാവതി സീറ്റിൽ വിജയിച്ചു. ബല്ലാരി സിറ്റി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ ജി സോമശേഖര റെഡ്ഡി തോറ്റു. സ്വന്തം സഹോദരനെതിരെ കെആർപിപി സ്ഥാനാർഥിയെ നിർത്തിയാണ് ജനാർദൻ റെഡ്ഡി കരുനീക്കിയത്. കോൺഗ്രസ് ജയിച്ചു. കെആർപിപി സ്ഥാനാർഥി രണ്ടാമതെത്തി. മറ്റൊരുസഹോദരനും ബിജെപി സ്ഥാനാർഥിയുമായ ജി കരുണാകര റെഡ്ഡി ഹാരപ്പനഹള്ളിയിലും തോറ്റു. 28 സീറ്റുള്ള ബംഗളൂരു നഗരത്തിൽ ബിജെപി 15 സീറ്റും കോൺഗ്രസ് 13 സീറ്റും നേടി.