വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയംകൊണ്ട് എല്ലാ കാലത്തും ജയിക്കാൻ കഴിയില്ലെന്നതിന്റെ മികച്ച ഉദാഹരണമാണ് കർണാടകത്തിലെ വിധിയെഴുത്ത്. അഴിമതിയും ഭരണവിരുദ്ധവികാരവും ബിജെപിയെ വേട്ടയാടാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആദിത്യനാഥും കടുത്ത വർഗീയ അജൻഡയാണ് പുറത്തെടുത്തത്. ബജ്റംഗദളിനെ ഹനുമാനുമായി തുലനംചെയ്യാൻ തയ്യാറായ പ്രധാനമന്ത്രി കേരളം ഭീകരവാദികളുടെ കേന്ദ്രമാണെന്ന് ധ്വനിപ്പിക്കാനായി കേരള സ്റ്റോറിയെക്കുറിച്ചും പരാമർശിച്ചു. മുസ്ലിങ്ങൾക്കുള്ള ഒബിസി ക്വോട്ട നിർത്തലാക്കിയ നടപടിയെ ഓർമിപ്പിച്ച അമിത് ഷാ കോൺഗ്രസ് ഭരണത്തിൽ വന്നാൽ കലാപമായിരിക്കും ഫലമെന്ന് വിളിച്ചു പറഞ്ഞു. ഹിജാബ് വിഷയം ഉയർത്തിയും മതപരിവർത്തന നിരോധന നിയമം ഉയർത്തിക്കാട്ടിയും ബിജെപി ആരംഭിച്ച ന്യൂനപക്ഷവിരുദ്ധത യുപിയെയും ഗുജറാത്തിനെയും അനുസ്മരിപ്പിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏകീകൃത സിവിൽകോഡും എൻആർസിയും നടപ്പാക്കുമെന്നും പറഞ്ഞു. ക്ഷേത്രസമീപത്ത് മുസ്ലിങ്ങളുടെ കച്ചവടസ്ഥാപനങ്ങൾ അനുവദിക്കില്ലെന്നുവരെ ബിജെപി ആവർത്തിച്ചു. എന്നാൽ, കടുത്ത വർഗീയ പ്രചാരണംകൊണ്ടൊന്നും ഭരണവിരുദ്ധവികാരത്തെ മറികടക്കാനായില്ല.
ദക്ഷിണേന്ത്യൻ പദ്ധതി
പൊളിയുന്നു
കർണാടകത്തിലെ പരാജയം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തിനും കനത്ത തിരിച്ചടിയാകും. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ മോദിയും ബിജെപിയും ഡൽഹിയിലും കേരളത്തിലും നടത്തിയ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു മണിപ്പുരിലെ സംഭവവികാസങ്ങൾ. ക്രിസ്ത്യാനികളായ ഗോത്രവിഭാഗമാണ് അവിടെ വേട്ടയാടപ്പെട്ടത്. 42 പള്ളി തകർക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടമായ കർണാടകംതന്നെ കൈവിട്ടപ്പോൾ ബിജെപിയുടെ ദക്ഷിണേന്ത്യൻ പദ്ധതിയാണ് തകർന്നടിയുന്നത്.
മോദി പ്രഭാവം മങ്ങുന്നു
ബിജെപിയുടെ അടിത്തറ വിപുലമാക്കാൻ ഇനി മോദിക്ക് കഴിയില്ലെന്നതുകൂടി ബോധ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. രാജ്യത്ത് ഇന്നുവരെ ഒരു പ്രധാനമന്ത്രിയും നടത്താത്ത രീതിയിൽ പത്തു ദിവസത്തോളം പ്രചാരണം നടത്തിയിട്ടും ഒരിഞ്ച് മുന്നേറാൻ ബിജെപിക്ക് കഴിഞ്ഞില്ല. പണം ഒഴുക്കിയുള്ള, പുഷ്പവൃഷ്ടിയോടുകൂടിയുള്ള മോദിയുടെ പ്രചാരണ ആഡംബരം ബിജെപിക്കുള്ള വോട്ട് കുറയ്ക്കുകയാണുണ്ടായതെന്ന് വ്യക്തം. ഹിമാചൽപ്രദേശിൽ എന്നപോലെ കർണാടകത്തിലും താമരചിഹ്നത്തിനുള്ള വോട്ട് മോദിക്കുള്ള വോട്ടാണെന്നു പറഞ്ഞാണ് ബിജെപി വോട്ട് പിടിച്ചത്. എന്നാൽ, രണ്ടിടത്തും ബിജെപി ദയനീയമായി പരാജയപ്പെട്ടു. മോദിയുടെ സുഹൃത്തായ ഗൗതം അദാനിയുടെ ഓഹരി കുംഭകോണവും മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലും മണിപ്പുരിലെ വർഗീയ സംഘർഷങ്ങളും ജമ്മു കശ്മീരിൽ ആവർത്തിക്കുന്ന ഭീകരാക്രമണങ്ങളും പാകിസ്ഥാന് ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കാൻ ആർഎസ്എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ തയ്യാറായതും മറ്റും മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കർണാടകത്തിലെ ദയനീയമായ തോൽവി അതിന് ആക്കംകൂട്ടുകയാണ്. ബിജെപിക്കകത്ത് മോദി–-ഷാ കൂട്ടുകെട്ടിനെതിരെ രോഷം പുകയാനും ഇത് വഴിവയ്ക്കും.
വെറുക്കപ്പെടുന്ന ഡബിൾ എൻജിൻ
ഡബിൾ എൻജിൻ സർക്കാർ എന്ന ബിജെപിയുടെ കേന്ദ്ര മുദ്രാവാക്യവും ജനങ്ങൾ തള്ളിക്കളയുന്ന കാഴ്ചയാണ് കർണാടകത്തിൽ കണ്ടത്. സ്വന്തം അനുഭവത്തിൽനിന്ന് കർണാടകത്തിലെ ജനങ്ങൾ മനസ്സിലാക്കിയത് ഡബിൾ എൻജിൻ എന്നാൽ അധികാരം കേന്ദ്രത്തിൽ കേന്ദ്രീകരിക്കുകയാണെന്നാണ്. കന്നഡ ഭാഷയ്ക്ക് പ്രോത്സാഹനം നൽകുന്നതിനു പകരം ഹിന്ദി അടിച്ചേൽപ്പിക്കാൻ നടത്തിയ നീക്കവും. നന്ദിനി പാലിനെ തകർത്ത് അമൂൽ അടിച്ചേൽപ്പിക്കാൻ നടത്തിയ നീക്കവും ഡബിൾ എൻജിൻ സർക്കാരിന്റെ ഫലമാണെന്ന് ജനങ്ങൾ കണ്ടു. അതോടൊപ്പം ഡബിൾ എൻജിൻ സർക്കാരുണ്ടായിട്ടും മണിപ്പുരിന് തീപിടിച്ചതും കർണാടകത്തിലെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകും.
പ്രതീക്ഷയോടെ 2024
രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്ക് പ്രതീക്ഷ നൽകുന്ന ഭരണമാറ്റമാണ് കർണാടകത്തിലേത്. ഓരോ സംസ്ഥാനത്തും ബിജെപിവോട്ടുകൾ പരമാവധി സമാഹരിക്കാൻ അതത് സംസ്ഥാനത്തെ പ്രധാനകക്ഷികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്ക് കഴിഞ്ഞാൽ ബിജെപിയെ തോൽപ്പിക്കാമെന്ന സന്ദേശമാണ് കർണാടകം നൽകുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബിജെപിയെ തടയാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കർണാടകത്തിലേത്.