ന്യൂഡൽഹി
ബിജെപി മുക്ത ദക്ഷിണേന്ത്യ ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ രാജ്യത്തിന് മുഴുവൻ വഴികാട്ടുന്നു. കർണാടകത്തിൽ തോറ്റതോടെ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും ബിജെപി സർക്കാർ അധികാരത്തിലില്ല. കേരളത്തിൽ ബിജെപിക്ക് പച്ചതൊടാൻ കഴിഞ്ഞിട്ടില്ല. 2016ൽ ഒ രാജഗോപാലിലൂടെ നേമത്ത് ബിജെപി അക്കൗണ്ട് തുറന്നെങ്കിലും 2021ൽ അത് പൂട്ടിച്ചു.
തമിഴ്നാട്ടിലും ബിജെപി ഇതുവരെ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിട്ടില്ല. 2001ൽ നാല് സീറ്റ് കിട്ടിയതിനുശേഷം രണ്ടുപതിറ്റാണ്ട് തമിഴ്നാട്ടിൽ ബിജെപി ഒരു സീറ്റ് പോലും ജയിച്ചിരുന്നില്ല. 2021ൽ എഐഎഡിഎംകെ പിന്തുണയോടെ നാല് സീറ്റ് നേടി. ആന്ധ്രാപ്രദേശിൽ 2019 തെരഞ്ഞെടുപ്പിൽ 173 സീറ്റിൽ മത്സരിച്ച ബിജെപിക്ക് ഒരിടത്തും ജയിക്കാനായില്ല. തെലങ്കാനയിൽ 2014ൽ അഞ്ച് സീറ്റുകൾ ജയിച്ചത് ബിജെപിക്ക് പ്രതീക്ഷ നൽകിയിരുന്നെങ്കിലും 2018ൽ അത് ഒറ്റസീറ്റായി ചുരുങ്ങി.
2018 തെരഞ്ഞെടുപ്പ് കഴിഞ്ഞ് 14 മാസം പിന്നിട്ടപ്പോൾ കാലുമാറ്റ രാഷ്ട്രീയത്തിലൂടെയാണ് ബിജെപി കർണാടകത്തിൽ അധികാരം പിടിച്ചത്. എന്നാല് അവിടെയും ഇപ്പോള് ബിജെപിയുടെ പതനം പൂർണമായി.