ഇംഫാൽ > സംഘര്‍ഷത്തില്‍ 65 പേര് കൊല്ലപ്പെട്ട മണിപ്പുരില്‍ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും വെടിവയ്പ്. മണിപ്പുരിലെ ബിഷ്ണുപുരിൽ പൊലീസും കുകി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. ട്രോംങ്ലോബിയിൽ പട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തിനു നേരെയാണ് വെടിയുതിർത്തത്. ഒരു പൊലീസുകാരൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഇംഫാലിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
രാവിലെ ഏഴോടെയാണ് വെടിവയ്പ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുകി വിഭാഗത്തിന്റെ ഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം അറിയിച്ചു. വിവിധ മേഖലകളിൽ സുരക്ഷാ സേനയുമായി തുടർച്ചയായി വെടിവയ്പുണ്ടായത് കണക്കിലെടുത്ത് മണിപ്പുർ പൊലീസും അസം റൈഫിൾസും കനത്ത പരിശോധന ആരംഭിച്ചിട്ടുണ്ട്.
മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 35,000 പേരാണ് അഭയാര്‍ഥികളായത്. നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും കത്തിച്ചു. തിങ്കളാഴ്ചയോടെയാണ് സംഘര്‍ഷത്തിന് നേരിയ അയവുണ്ടായത്. സംസ്ഥാനത്ത് സൈന്യത്തെ വന്‍തോതില്‍ വിന്യസിച്ചിരിക്കെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.