ന്യൂഡൽഹി> മഹാരാഷ്ട്രയിലെ കൂറുമാറ്റ കേസിൽ ഏക്നാഥ് ഷിന്ഡെയ്ക്ക് ആശ്വാസം. ഏക്നാഥ് ഷിൻഡെ സർക്കാര് രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഗവർണർക്ക് പിഴവ് പറ്റിയെന്നും ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പാര്ട്ടിക്കുള്ളിലെ പ്രശ്നങ്ങള് പരിഹരിക്കേണ്ടത് വിശ്വാസ വോട്ടെടുപ്പിലൂടെയല്ല എന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ശിവസേനയിലെ പിളർപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.