ന്യൂഡൽഹി> ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന് സുപ്രീം കോടതി. അരവിന്ദ് കേജ്രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി. പൊലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു.
പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനാണെന്നും ഗവർണർക്കല്ലെന്നും സുപ്രീംകോടതി പരാമർശിച്ചു. കോടതി വിധി കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയായി. ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാർ നൽകിയ ഹർജിലാണ് വിധി പ്രസ്താവം.