തിരുവനന്തപുരം> മോഹൻദാസും വസന്തകുമാരിയും ബുധനാഴ്ച രാവിലെ കിംസ് ആശുപത്രിയിൽ എത്തിയത് മകളുടെ വിയോഗവാർത്ത അറിയാതെ. ആശുപത്രിയിൽ ആക്രമണം ഉണ്ടായെന്നും വന്ദനയ്ക്ക് പരിക്കേറ്റെന്നുമാണ് ആശുപത്രിയിൽ എത്തുവോളം അവരറിഞ്ഞത്. ആശുപത്രിയിൽവച്ച് ഡോക്ടർമാരിൽനിന്ന് ആ ദുഃഖസത്യം അറിഞ്ഞ് നിലവിട്ട് കരഞ്ഞ അവരെ ആശ്വസിപ്പിക്കാൻ ചുറ്റും നിന്നവർക്കുമായില്ല. രണ്ടുമണിക്കൂറിനു ശേഷമാണ് ചേതനയറ്റ മകളെ അവർ കണ്ടത്.
ആശ്വാസവാക്കുമായി ആദ്യമെത്തിയത് സ്പീക്കർ എ എൻ ഷംസീർ. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രിമാരായ വീണാ ജോർജ്, വി എൻ വാസവൻ എന്നിവരുമെത്തി. വിങ്ങിക്കരഞ്ഞ മോഹൻദാസിന്റെ കൈകൾ ചേർത്തുപിടിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. മോർച്ചറിയിൽ എത്തിയ മുഖ്യമന്ത്രി വന്ദനയുടെ നെറ്റിയിൽ കെെവച്ച് അന്ത്യാഞ്ജലി അർപ്പിച്ചു. മകളുടെ മൃതദേഹത്തിനൊപ്പം ആംബുലൻസിലിരുന്ന വസന്തകുമാരിയുടെ അരികിലേക്ക് മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ചാണ് എത്തിയത്. കൈകൂപ്പി ഇരുവരും മടങ്ങുമ്പോൾ ഏകമകളെ നഷ്ടമായ ആ അമ്മ തേങ്ങിക്കരഞ്ഞു.