തൃശൂർ> ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച വന്ദേഭാരത് ‘ഹൈസ്പീഡ്’ ട്രെയിനും മോദി സർക്കാരിന്റെ മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പ്. 400 വന്ദേഭാരത് ട്രെയിനുകളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഓടുന്നത് 18 എണ്ണം മാത്രം. ദക്ഷിണ റെയിൽവേയിൽ സർവീസ് നടത്തുന്നത് ആകെ മൂന്നെണ്ണം. ചെന്നൈ– മൈസൂരു, ചെന്നൈ– കോയമ്പത്തൂർ, കാസർകോട്– തിരുവനന്തപുരം എന്നീ റൂട്ടിലാണ് സർവീസ്. പി-18 എന്ന് പേരിട്ട വന്ദേഭാരത് ട്രെയിനുകൾ ഇനി പുതിയത് ഇറങ്ങുമോ എന്ന സംശയവും റെയിൽവേ വൃത്തങ്ങൾ പ്രകടിപ്പിക്കുന്നു.
ചെന്നൈ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകൾ നിർമിക്കുന്നത്. നേരത്തേ സ്പെയർപാർട്സുകൾ പുറത്തുനിന്ന് വാങ്ങി ചെന്നൈ കോച്ച്ഫാക്ടറി സ്വന്തമായാണ് വന്ദേഭാരത് കോച്ചുകൾ നിർമിച്ചിരുന്നത്. കഴിഞ്ഞ വർഷം മുതൽ സ്വകാര്യവ്യക്തികൾക്ക് പുറം കരാർ നൽകി അവർ നേരിട്ട് സ്പെയർപാർട്സുകൾ കോച്ച് ഫാക്ടറിയിൽ നിർമിക്കാൻ തുടങ്ങി. ഇതിനായി കരാറെടുത്ത കമ്പനികൾക്ക് കോച്ച് ഫാക്ടറിയിൽ സ്ഥലം അനുവദിക്കുകയും ചെയ്തു. വന്ദേഭാരത് കോച്ചുകളുടെ അറ്റകുറ്റപ്പണിയും സ്വകാര്യമേഖലയിലാണ്. ഇങ്ങനെ കരാറെടുത്ത ജോലിക്കും ഇവിടെ സ്ഥലം അനുവദിച്ചിട്ടുണ്ട്.
ഫലത്തിൽ ചെന്നൈ കോച്ച് ഫാക്ടറിയുടെ പകുതിഭാഗം സ്വകാര്യമേഖല കൈയടക്കി. വന്ദേഭാരത് ട്രെയിൻ കൊണ്ടുവന്നതുതന്നെ കോച്ച് ഫാക്ടറികൾ വിൽക്കാനാണെന്ന സംശയവും ജീവനക്കാർ പങ്കുവയ്ക്കുന്നു. വന്ദേഭാരത് ട്രെയിനിന്റെ 600 കോച്ചുകൾ വിദേശത്തുനിന്ന് ഇറക്കുമതിചെയ്യാനായിരുന്നു കേന്ദ്രസർക്കാർ നേരത്തേ തീരുമാനിച്ചത്. ചെന്നൈ കോച്ച് ഫാക്ടറിക്ക് സ്വന്തമായി ആധുനിക കോച്ച് നിർമിക്കാൻ ശേഷിയുണ്ടായിട്ടും അതിന് തയ്യാറായില്ല. എന്നാൽ ജീവനക്കാർ ശക്തമായ സമരവുമായി ഇറങ്ങിയപ്പോഴാണ് വഴങ്ങിയത്. കർണാടക തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വോട്ട് തട്ടാനുള്ള തന്ത്രമായിരുന്നു വന്ദേഭാരത് പ്രഖ്യാപനം.
പ്രഖ്യാപനശേഷമുള്ള റെയിൽവേയുടെ അവഗണന ചർച്ചയാകുന്നില്ല. പുതിയ വണ്ടികൾ വേണമെന്ന ആവശ്യം എംപിമാർക്ക് ഉന്നയിക്കാനും കഴിയാതായി. ഏറ്റവും കൂടുതൽ യാത്രാ ദുരിതം അനുഭവിക്കുന്ന മലബാറിലേക്ക് പുതിയ വണ്ടികൾ വേണമെന്ന് ആവശ്യപ്പെടാനും എംപിമാർ തയ്യാറാകുന്നില്ല.