തിരുവനന്തപുരം> ‘ആശുപത്രിയിലെ നെബുലൈസിങ് മുറിയിൽനിന്ന് വന്ദനയുടെ കരച്ചിൽ കേട്ടാണ് ഓടിച്ചെന്നത്. കാലിൽ മുറിവുമായി വന്നയാൾ അവളെ കത്രികകൊണ്ട് ആഞ്ഞാഞ്ഞ് കുത്തുകയായിരുന്നു’- പുലർച്ചെ ആശുപത്രിയിൽ കണ്ട കാഴ്ചകൾ വിവരിക്കുമ്പോൾ- ഡോ. ഷിബിന്റെ വാക്കുകളിൽ വിറയൽ.
അസീസിയ മെഡിക്കൽ കോളേജിൽ വന്ദനയുടെ സീനിയറായിരുന്നു ഷിബിൻ. രാത്രി ഡ്യൂട്ടിയിലും ഇരുവരും ഒരുമിച്ചായിരുന്നു. ഒപി മുറിയിൽ ഇരിക്കുകയായിരുന്ന അവർ ബഹളം കേട്ടാണ് പുറത്തിറങ്ങിയത്. കാലിൽ മുറിവുമായി വന്നയാൾ പൊലീസുകാരെയടക്കം ആക്രമിക്കുകയായിരുന്നു. എല്ലാവരും ഭയന്നോടി. നെബുലൈസിങ് മുറിയിലേക്കാണ് വന്ദന ഓടിക്കയറിയത്. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ വന്ദന കമിഴ്ന്ന് വീണുകിടക്കുന്നുണ്ട്. അക്രമി തുടരെത്തുടരെ ദേഹത്ത് കുത്തുന്നു. ചെറുക്കാൻ വന്ദന പരമാവധി ശ്രമിക്കുന്നുമുണ്ടായിരുന്നു. ധൈര്യം സംഭരിച്ച് വന്ദനയുടെ കാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി. ഓടിയെത്തിയ പൊലീസുകാർ അക്രമിയെ ആ മുറിക്കുള്ളിൽ പൂട്ടിയിട്ടു.
ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ഷിബിൻ പറയുന്നു. ആക്രമണ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ സഹപാഠികളായ സുബിനയും ഗോപികയും തിരുവനന്തപുരത്തേക്ക് ആംബുലൻസിൽ ഒപ്പംചേർന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുന്നതിനിടെ വന്ദനയ്ക്ക് ബോധം തെളിഞ്ഞു. വേദനകൊണ്ട് പുളയുകയായിരുന്നതിനാൽ മരുന്നു നൽകി മയക്കി. ഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല- സുബിന പറഞ്ഞു.