തിരുവനന്തപുരം
ഡ്യൂട്ടിയിലായിരുന്ന ഹൗസ് സർജനെ കുത്തിക്കൊലപ്പെടുത്തിയ, കേരളത്തിന്റെ ഹൃദയം ഭേദിച്ച ദാരുണസംഭവത്തിലും അസത്യപ്രചാരണത്തിലൂടെ മുതലെടുപ്പിന് ശ്രമം. നിജസ്ഥിതി അറിയാവുന്ന പ്രതിപക്ഷ നേതാക്കളും വലിയ വിഭാഗം മാധ്യമങ്ങളുംതന്നെയാണ് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനുപകരം പൊലീസിനും ആരോഗ്യമന്ത്രിക്കുമെതിരെ ജനവികാരം ഇളക്കാൻ നോക്കിയത്.
റിമാൻഡ് പ്രതിയെ കൈയാമം വയ്ക്കാത്തതിനാലാണ് അക്രമമുണ്ടായതെന്ന് രമേശ് ചെന്നിത്തലയടക്കം കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും പ്രചരിപ്പിച്ചത്. എന്നാൽ, ഇയാൾ പരാതിക്കാരനാണെന്നും കാലിലുണ്ടായിരുന്ന മുറിവ് ചികിത്സിക്കാനാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ലഹരിക്കടിമയായ ഇയാൾ ചികിത്സയ്ക്കിടെ പെട്ടെന്ന് ബന്ധുവിനെയും ഗാർഡിനെയും പൊലീസുകാരെയും കുത്തി.
ജീവനക്കാരും പൊലീസുകാരും തന്നെയാണ് ഇയാളെ കീഴ്പ്പെടുത്തിaയത്. എഡിജിപി അജിത്കുമാർ സ്ഥലത്തെത്തി ഇക്കാര്യങ്ങൾ വിശദമാക്കിയതോടെ മാധ്യമങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ തിരിഞ്ഞു. സന്ദർഭം വിശദമാക്കിയ മന്ത്രി ആക്രമണത്തെ അപലപിച്ചു. എന്നാൽ, പതിവുപോലെ ദാരുണ സന്ദർഭങ്ങളെയും ഔചിത്യമില്ലാതെ മുതലെടുപ്പിന് ശ്രമിക്കുന്ന നിലപാടാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന ചർച്ചയും ശക്തമായി.