കൊല്ലം
ചികിത്സയ്ക്ക് പൊലീസ് കൊണ്ടുവന്ന രോഗി പെട്ടെന്ന് അക്രമാസക്തനായി യുവവനിതാ ഡോക്ടറെ കുത്തിക്കൊന്നു. എഎസ്ഐയും ഹോംഗാർഡും ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (24)ആണ് കൊല്ലപ്പെട്ടത്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടാരക്കര സ്റ്റേഷനിലെ എഎസ്ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ ഹോംഗാർഡ് അലക്സ്കുട്ടി, പ്രതിയുടെ അയൽവാസിയും സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി അംഗവുമായ ബിനു എന്നിവർക്കാണ് പരിക്കേറ്റത്. പ്രതി നെടുമ്പന യുപി സ്കൂൾ അധ്യാപകന് കുടവട്ടൂർ ചെറുകരകോണം ശ്രീനിലയത്തിൽ ജി സന്ദീപിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. കാഷ്വാലിറ്റി ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.
ബുധൻ പുലർച്ചെ അഞ്ചിനാണ് സംഭവം. വന്ദനയെ കൊട്ടാരക്കരയിലെ വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25ന് മരിച്ചു. വ്യവസായിയായ കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ ജി മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശിനി വസന്തകുമാരിയുടെയും (ബിന്ദു) ഏക മകളാണ്.
സ്ഥിരമായി മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്ന സന്ദീപ് ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ചൊവ്വാഴ്ച രാത്രി പ്രദേശവാസികളുമായി വഴക്കുണ്ടാക്കിയിരുന്നു. തന്നെ ആരോ വധിക്കാൻ ശ്രമിക്കുന്നതായി രാത്രി ഒന്നിന് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു. പൂയപ്പള്ളി പൊലീസ് പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെ നാലിന് വീണ്ടും കൺട്രോള് റൂമിൽ ബന്ധപ്പെട്ടു. പൊലീസ് സ്ഥലത്തെത്തുമ്പോൾ വീടിനു സമീപത്തെ മറ്റൊരുവീട്ടിൽ പട്ടികക്കഷണവുമായി നിൽക്കുകയായിരുന്നു സന്ദീപ്. കാലിനു പരിക്കേറ്റ നിലയിലായ ഇയാളെ പൊലീസ് താലൂക്കാശുപത്രിയിലെത്തിച്ചു. കാഷ്വാലിറ്റിയിൽ ഹൗസ് സർജന്മാരായ വന്ദനയും ഷിബിനുമായിരുന്നു ഡ്യൂട്ടിയിൽ. മുറിവ് വൃത്തിയാക്കിയിറങ്ങിയ ഉടൻ സന്ദീപ് പ്രകോപിതനായി ബന്ധു രാജേന്ദ്രൻപിള്ളയെ ചവിട്ടിവീഴ്ത്തി ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ബിനുവിനെ കുത്തി. തടയാനെത്തിയ ഹോം ഗാർഡ് അലക്സ്കുട്ടിയുടെ തലയ്ക്കും കുത്തി. ആംബുലൻസ് ഡ്രൈവര് രാജേഷ് മറ്റ് വനിതാ ജീവനക്കാരെയെല്ലാം നഴ്സുമാരുടെ മുറിയിലേക്ക് മാറ്റി. സ്തംഭിച്ചുനിന്ന വന്ദനയെ ഒബ്സർവേഷൻ റൂമിൽവച്ച് പിടലിക്കും തലയ്ക്കും തുടർച്ചയായി കുത്തി. നിലത്തു വീണപ്പോള് തറയിലിട്ടും കുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വന്ദനയുടെ മൃതദേഹം വൈകിട്ട് അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുവച്ചു. സംസ്കാരം വ്യാഴം പകൽ രണ്ടിന് വീട്ടുവളപ്പിൽ. സംഭവത്തെത്തുടർന്ന് സന്ദീപിനെ വിദ്യാഭ്യാസവകുപ്പ് സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമീഷനും യുവജനകമീഷനും കേസെടുത്തു.കൊട്ടാരക്കര ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.