എഴുകോൺ> ഡോക്ടറെ കൊലപ്പെടുത്തുകയും നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് വീടിന് വെളിയിൽ ശാന്തസ്വഭാവക്കാരനായിരുന്നു. സ്ഥിരമായി മദ്യപിക്കുമെങ്കിലും നാട്ടുകാരോട് വഴക്കിടാറില്ല. അക്രമമല്ലാം വീട്ടിനുള്ളിലായിരുന്നു. അമ്മയെയും ഭാര്യയെയും ഉപദ്രവിച്ചിരുന്നു. ലഹരി ഉപയോഗിച്ച് ആക്രമിക്കാൻ ഓടിച്ച ദിവസമാണ് ഭാര്യ വീടുവിട്ടത്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴാണ് സന്ദീപ് അക്രമാസക്തനാകുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
മൂന്നാഴ്ച മുമ്പ് മൂന്നുപേർക്കൊപ്പം ബൈക്കിൽ പോയപ്പോൾ അപകടത്തിൽപ്പെട്ട് സന്ദീപിന്റെ കാലിന് പരിക്കേറ്റിരുന്നു. കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ സരസമ്മയ്ക്ക് ചൊവ്വാഴ്ച തന്റെ സ്വർണമാല സന്ദീപ് നൽകി. താൻ പോകുകയാണെന്നും മരിക്കുമെങ്കിൽ അച്ഛന്റെ കുഴിമാടത്തിനു സമീപം സംസ്കരിക്കണമെന്നും പറഞ്ഞു.
എന്നാൽ, ചൊവ്വ വൈകിട്ടുമുതൽ അയൽവീടുകൾക്ക് മുന്നിൽച്ചെന്ന് അസഭ്യം പറയുകയും തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നെന്ന് ഉച്ചത്തിൽ പറയുകയും ചെയ്തിരുന്നു. സിപിഐ എം ഓടനാവട്ടം ലോക്കൽ കമ്മിറ്റി അംഗവും അയൽവാസിയുമായ ബിനു രണ്ടുതവണ സന്ദീപിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കിയയച്ചു. എന്നാൽ, രാത്രിയിൽ വീണ്ടും ബഹളമുണ്ടാക്കി.
ബുധൻ പുലർച്ചെ രണ്ടരയോടെ അയൽവാസിയായ അധ്യാപകൻ ശ്രീകുമാറിന്റെ വീടിന് സമീപമുള്ള താഴ്ചയിലേക്ക് സന്ദീപ് ചാടി. അവിടെനിന്നു മതിൽചാടി വീടിന്റെ അടുക്കളവാതിലിനു സമീപം പതുങ്ങിയിരുന്ന് വിളിച്ചുകൂവി. ഇതിനിടെ കാലിന് വീണ്ടും പരിക്കേറ്റു. വാതിൽ തുറക്കാതെ ശ്രീകുമാർ സമീപവാസികളെ വിളിച്ചുവരുത്തി. കൈയിൽ വടിയുമായിരുന്ന സന്ദീപിനെ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. തന്നെ ആരോ കൊല്ലാൻ വരുന്നെന്നും പൊലീസിനെ വിളിക്കാനും സന്ദീപ് ആവശ്യപ്പെട്ടു. ഇത് ആരും ശ്രദ്ധിക്കാഞ്ഞപ്പോൾ സ്വന്തം ഫോണിൽനിന്ന് പൊലീസിനെ വിളിച്ചു. ബിനുവും പൂയപ്പള്ളി പൊലീസും സ്ഥലത്ത് എത്തിയെങ്കിലും സന്ദീപ് വീട്ടിൽ പോകാൻ തയ്യാറായില്ല. കാലിലെ പരിക്ക് കണ്ട പൊലീസ് ആശുപത്രിയിൽ പോകാനായി ആംബുലൻസ് വിളിക്കാൻ ശ്രമിച്ചു. ജീപ്പിൽ മതിയെന്ന് സന്ദീപ് പറഞ്ഞു. ജീപ്പിൽ കയറ്റാൻ ഒരുങ്ങിയപ്പോൾ കുതറി മാറി ജീപ്പിനുമുന്നിൽ കിടന്ന് നിലവിളിച്ചു. ഒരുവിധം അനുനയിപ്പിച്ച് പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.