തിരുവനന്തപുരം
കലാപകലുഷിതമായ മണിപ്പുരിൽനിന്ന് വിദ്യാർഥികൾ ഉൾപ്പെടെ 18 മലയാളികളെക്കൂടി നോർക്ക റൂട്ട്സ് നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇംഫാലിൽനിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോർക്ക എൻആർകെ ഡെവലപ്മെന്റ് ഓഫീസർ അനു ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തിരിച്ചെത്തിയവരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
തുടർന്ന് ഇവരെ വാനിലും കാറിലുമായാണ് നാട്ടിലെത്തിച്ചത്. മൂന്നു പേർ സ്വന്തം വാഹനത്തിൽ ചെന്നൈയിൽനിന്ന് നാട്ടിലെത്തി. ഇംഫാലിൽനിന്നുള്ള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ളവയുടെ ചെലവ് നോർക്ക വഹിച്ചു. മണിപ്പുരിലെ സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഇൻഫർമേഷൻ ടെക്നോളജി മണിപ്പുർ, ജവാഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലെ പിജി വിദ്യാർഥികളാണ് തിരിച്ചെത്തിയവരിലേറെയും. 20 വിദ്യാർഥികൾകൂടി ബുധൻ രാത്രി ഇംഫാലിൽനിന്ന് ചെന്നൈയിലെത്തി.
മണിപ്പുരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ഇന്ത്യയിൽനിന്ന് 18004253939, വിദേശത്തുനിന്ന് +91-8802012345 (മിസ്ഡ് കോൾ സർവീസ് ).