റിയാദ് > പ്രവാസ ഭൂമികയിൽ നാടൻ പാട്ടിനേയും കലകളേയും ജനകീയമാക്കുന്നതിന് രൂപം കൊണ്ട സൗദി പാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘മലർ’ എന്ന നാടൻ പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു. കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ‘വസന്തം 2023’ ന്റെ വേദിയിൽ വച്ച് സൗദി പാട്ടുകൂട്ടം ഫൗണ്ടർ പോൾ വർഗ്ഗീസ് കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
പ്രസിദ്ധ നാടൻ പാട്ടു ഗായകൻ സന്തു സന്തോഷിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി പ്രവീൺ സുശീലൻ നിർമ്മിച്ച ആൽബം, സിയാദ് പൂക്കുഞ്ഞാണ് സംവിധാനം ചെയ്തത്. മഹാദേവൻ, സന സന്തോഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ആൽബത്തിൽ രവി കാവിൽ തെക്കേതിന്റെ വരികൾക്ക് സനീഷ് സച്ചു ദൃശ്യാവിഷ്കാരവും ബൈജു ഇടത്തറ സ്ക്രിപ്റ്റും, സജേഷ് മാഞ്ഞാലിയും ബൈജു ഇടത്തറയും ചേർന്ന് ആർട്ട് വർക്കുകളും നിർവഹിച്ചു.