കൊല്ലം > കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സന്ദീപ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയതെന്ന് എഡിജിപി എം ആർ അജിത് കുമാർ . മാധ്യമ പ്രവർത്തകരോട് സംഭവത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടക്കുന്ന സമയത്ത് സന്ദീപ് പരാതിക്കാരനായിരുന്നുവെന്നും ശരീരത്ത് പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണെന്നും അതിനു ശേഷമാണ് അക്രമാസക്തനായി ഡോക്ടറെ ഉൾപ്പെടെ അക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം ഒരുമണിയോടെയാണ് പൊലീസ് എമർജൻസി നമ്പരിലേക്ക് സന്ദീപ് വിളിക്കുന്നത്. തന്നെ അളുകൾ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് വിളിച്ചത്. തുടർന്ന് സ്റ്റേഷനിൽ നിന്ന് നമ്പരിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പീന്നീട് 3.30 നു ശേഷമാണ് മറ്റൊരു നമ്പറിൽ നിന്നും ഇയാൾ വീണ്ടും വിളിക്കുന്നത്. ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് സന്ദീപിനെ ആക്രമിക്കുന്നു എന്ന പരാതി അന്വേഷിക്കാനായാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും അര കിലോമീറ്ററോളം മാറി മറ്റൊര വീടിന്റെ മുന്നിൽ വടിയുമായി നിൽക്കുന്ന നിലയിലാണ് സന്ദീപിനെ കണ്ടെത്തുന്നത്. സന്ദീപിന്റെ ശരീരത്ത് മുറിവുകൾ ഉണ്ടായിരുന്നു. തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഇയാൾ ആരോപിക്കുകയും ചെയ്തതിനെ തുടർന്നാണ് സന്ദീപിന്റെ ബന്ധുവിനും നാട്ടുകാരനുമൊപ്പം പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എഡിജിപി പറഞ്ഞു
കാഷ്വാലിറ്റിയിലെത്തിച്ച സന്ദീപിനെ ഡോക്ടർ പരിശോധിക്കുന്ന സമയം കുഴപ്പങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ഡ്രസിങ് റൂമിലേക്ക് മാറ്റിയപ്പോഴാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. പെട്ടെന്ന് അക്രമാസക്തനായ സന്ദീപ് ബന്ധുവിനെ ചവിട്ടുകയും കത്രിക എടുത്ത് ഹോം ഗാർഡിനെ കുത്തുകയുമായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ എയ്ഡ് പോസ്റ്റിലെ എഎസ്ഐയെയും ബന്ധുവിനെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന ഡോക്ടർമാരും മറ്റു സ്റ്റാഫും ഓടി തൊട്ടടുത്ത മുറിയിലേക്ക് കയറി. എന്നാൽ പെട്ടെന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാതിരുന്ന വന്ദനയെ തിരിഞ്ഞുചെന്ന് കുത്തുകയായിരുന്നു. എഡിജിപി വ്യക്തമാക്കി. സംഭവത്തിൽ രണ്ടു പൊലീസുകാർക്കും ബന്ധുവിനും കുത്തേറ്റിട്ടുണ്ട്.