ഒറ്റപ്പാലം> ‘‘കലാപകാരികൾ സർവകലാശാല ഗേറ്റ് തകർത്തതോടെ എല്ലാവരും ഭീതിയിലായി. ലൈറ്റുകൾ അണച്ച് മിണ്ടാതെ മുറികൾക്കുള്ളിൽ ശ്വാസമടക്കി ഇരുന്നു. ശബ്ദം കേട്ടാൽ അവർ അകത്തെത്തും. കൈയിൽപ്പെട്ടാൽ ജീവൻ നഷ്ടപ്പെടാനും സാധ്യത. മരണത്തെ മുന്നിൽക്കണ്ട നിമിഷങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെയും നോർക്കയുടെയും ഇടപെടലാണ് രക്ഷയായത്’’. മണിപ്പുരിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ സി എസ് ഷഹ്ലയുടെ ഭീതി മാറിയിട്ടില്ല.
‘‘ആദ്യം മണിപ്പുർ സർവകലാശാല ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കലാപകാരികൾ എത്തിയതോടെ സർവകലാശാല കെട്ടിടത്തിലായി. നാലാം തീയതി വൈകിട്ടാണ് സർവകലാശാലയുടെ ഗേറ്റ് തകർത്തത്. സംസാരിക്കാൻ പോലും പറ്റില്ലായിരുന്നു. പുറത്ത് ബഹളം കേട്ടാൽ കെട്ടിടത്തിന്റെ മുകളിൽ ഒളിച്ചിരിക്കും. വീട്ടിൽനിന്ന് വിളിച്ചാലും ഫോൺ എടുക്കാൻ കഴിയാത്ത അവസ്ഥ. രണ്ടുദിവസം കൂടി താമസിച്ചിരുന്നെങ്കിൽ ഭക്ഷണവും വെള്ളവും കിട്ടാത്ത സ്ഥിതിയുണ്ടാകുമായിരുന്നു. രണ്ടുനേരം മാത്രമായിരുന്നു ഭക്ഷണം. ചിലർക്ക് മാത്രമാണ് കുളിക്കാൻ വെള്ളം ലഭിച്ചിരുന്നത്’’–- ഷഹ്ല പറഞ്ഞു.
മണിപ്പുരിൽ നിന്ന് കൊൽക്കത്ത വഴിയാണ് ബംഗളുരുവിലെത്തിയത്. അവിടെനിന്ന് ബസ്സിൽ നാട്ടിലെത്തി. പഴയ ലക്കിടി ചെറുച്ചിയിൽ സെയ്ത് മുഹമ്മദിന്റെയും- ഷെറിനയുടെയും മകൾ സി എസ് ഷഹ്ല മണിപ്പുർ സർവകലാശാലയിലെ ഒന്നാം വർഷ പിജി സൈക്കോളജി വിദ്യാർഥിയാണ്. ഡിസംബറിലാണ് പോയത്. പരീക്ഷ കഴിഞ്ഞ് ജൂണിൽ വരാനിരിക്കുമ്പോഴാണ് കലാപം.