ബത്തേരി/ തിരുവനന്തപുരം> കെപിസിസി നേതൃയോഗത്തിൽ രാജിഭീഷണി മുഴക്കി പ്രസിഡന്റ് കെ സുധാകരൻ. പുനഃസംഘടന ഈ മാസം പൂർത്തിയാക്കിയില്ലെങ്കിൽ പ്രസിഡന്റ് പദവി രാജിവയ്ക്കുമെന്നാണ് ഭീഷണി. നേതാക്കൾതന്നെയാണ് പുനഃസംഘടനക്ക് തടസ്സം. ഇനിയും കാത്തുനിൽക്കാനാവില്ല. പട്ടിക കൈയിലുണ്ട്. വേണ്ടിവന്നാൽ സ്വന്തം നിലയിൽ ഭാരവാഹികളെ പ്രഖ്യാപിക്കും.
എല്ലാ ജില്ലകളിലും ഗ്രൂപ്പുകൾ തലപൊക്കിയെന്നും യോഗം ചേരുകയാണെന്നും സുധാകരൻ പറഞ്ഞു. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ ഭീഷണി. സംസ്ഥാനത്ത് പാർടിയെ ചലിപ്പിക്കാനാവാത്തതിൽ സുധാകരനുനേരെയുയർന്ന വിമർശങ്ങൾ മറച്ചുവയ്ക്കാനുള്ള തന്ത്രമായാണ് ഭീഷണിയെ നേതാക്കളിൽ പലരും കാണുന്നത്. നേതൃസംഗമത്തിന്റെ അധ്യക്ഷപ്രസംഗത്തിൽ സംഘടനാ വീഴ്ചക്ക് സുധാകരൻ മുൻകൂർ ജാമ്യമെടുത്തിരുന്നു.
പാർടിയെ പ്രതീക്ഷിച്ച നിലയിൽ എത്തിക്കാനായില്ല. തന്റെ കഴിവുകേടുകൊണ്ടല്ല, സാഹചര്യങ്ങളുടെ സമ്മർദമാണ് കാരണം. പുനഃസംഘടന പൂർത്തിയാക്കാനാകാത്തത് സംഘടനയെ ദുർബലമാക്കി. പൂർത്തിയാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് പുതിയരൂപം വരുമായിരുന്നു. യൂണിറ്റ് കമ്മിറ്റികൾ (സിയുസി) പൂർത്തീകരിക്കാൻ സാധിക്കാത്തത് പാർടിയുടെ അടിത്തറ ദുർബലമാക്കി. കോൺഗ്രസിന് അക്കൗണ്ടബിലിറ്റിയില്ല. ഉത്തരവാദിത്വമില്ലാത്ത സംവിധാനമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.
സംഘടനാരേഖ അവതരിപ്പിച്ചായിരുന്നു രാജിഭീഷണി മുഴക്കിയത്. പാർടി പുനഃസഘടനക്കായി വാശിപിടിച്ച സുധാകരൻ പോഷകസംഘടനകളുടെ പുനഃസംഘടനക്കെതിരെ ആഞ്ഞടിച്ചു. പോഷകസംഘടനകൾ പുനരധിവാസ കേന്ദ്രങ്ങളായെന്നായിരുന്നു പരിഹാസം. മത്സ്യത്തൊഴിലാളി കോൺഗ്രസ് പുനഃസംഘടനയേയും രൂക്ഷമായി വിമർശിച്ചു. ടി എൻ പ്രതാപനെ ചൂണ്ടിയായിരുന്നു വിമർശം. ആരാണ് ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ്, അദ്ദേഹത്തിന്റെ നിറമേതാണ് എന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ബെന്നി ബെഹനാൻ അടക്കമുള്ള നേതാക്കൾക്ക് കൂടുതൽ പ്രാധാന്യം കിട്ടിയ നേതൃയോഗത്തിൽ കെ മുരളീധരൻ, ശശി തരൂർ, മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ അസാന്നിധ്യവും ചർച്ചയായി.