തിരുവനന്തപുരം> ഡ്രോൺ പറത്തലിൽ പരിശീലനം നൽകാൻ അസാപ് കേരളയ്ക്ക് കേന്ദ്ര അംഗീകാരം. പരിശീലനം നൽകുന്നതിനും സർട്ടിഫിക്കേഷനും കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) അംഗീകാരം നൽകിയത്. ഈ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമാണ് അസാപ്.
അസാപ്പിന്റെ കാസർകോട് കമ്യൂണിറ്റി സ്കിൽ പാർക്കിലാണ് പരിശീലനം നൽകുക. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡാണ് പരിശീലന പങ്കാളി. 96 മണിക്കൂർ ദൈർഘ്യമുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസത്തിൽ പൂർത്തിയാക്കാം. അഞ്ചുദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഇതിലുൾപ്പെടും. 3ഡി മാപ്പിങ്, യുഎവി സർവേ, യുഎവി അസംബ്ലി ആൻഡ് പ്രോഗ്രാമിങ്, തുടങ്ങിയവയും കോഴ്സിന്റെ ഭാഗമാണ്. പത്താംക്ലാസ് പാസായ 18നു മുകളിൽ പ്രായമുള്ളവർക്ക് ചേരാം. പാസ്പോർട്ട് നിർബന്ധമാണ്. 42,952 രൂപയാണ് ഫീസ്. ഫോൺ: 9495999623, 9495999709.
എന്തിനും ഏതിനും ഡ്രോൺ
രാജ്യസുരക്ഷമുതൽ ഡെലിവറിവരെ വിവിധ സേവനങ്ങൾക്ക് ഡ്രോൺ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കൃഷി എന്നിങ്ങനെ ഡ്രോൺ ഉപയോഗപ്പെടുത്തുന്ന ആവശ്യങ്ങൾ ഏറെ. എന്നാൽ, ഡിജിസിഎയുടെ അംഗീകാരമുള്ള പരിശീലന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല.
ലൈസൻസ് നിർബന്ധം
ഡ്രോണുകൾ പറപ്പിക്കുന്നതിന് ഡിജിസിഎ ലൈസൻസ് ആവശ്യമാണെങ്കിലും സംസ്ഥാനത്ത് നിയമവിരുദ്ധമായി ഡ്രോൺ ഉപയോഗിക്കുന്നത് വർധിച്ചുവരികയാണ്. ലൈസൻസിലാത്തവർ ഡ്രോൺ ഫോട്ടോഗ്രഫി/ വീഡിയോഗ്രഫി ചെയ്യുന്നത് വ്യാപകമാണ്. ഇതിന്റെ അപകടങ്ങളെക്കുറിച്ചും കോഴ്സിൽ പ്രതിപാദിക്കും.