തിരുവനന്തപുരം> കലാപത്തെതുടർന്ന് അരക്ഷിതമായ മണിപ്പുരിൽനിന്ന് ഒമ്പത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിച്ചു. ഇംഫാലിൽനിന്ന് വിമാനമാർഗം ബംഗളൂരുവിലും തുടർന്ന് ബസ്മാർഗം കേരളത്തിലുമെത്തിച്ചു. വിമാനച്ചെലവുൾപ്പെടെ നോർക്ക റൂട്ട്സ് വഹിച്ചു.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽനിന്നുള്ളവരാണ് തിരിച്ചെത്തിയത്. പഴയ ലക്കിടി ചെറുച്ചിയിൽ സി എസ് ഷഹ്ല, കണ്ണൂർ തളിപ്പറമ്പിലെ അബ്ദുൽ ബാസിത്, കൊട്ടിയൂരിലെ ശ്യാംകുമാർ, മലപ്പുറം വട്ടംകുളത്തെ ആർ നവനീത്, പുള്ളിപ്പറമ്പിലെ ഫാത്തിമ ദിൽന, കൊണ്ടോട്ടിയിലെ എം സി റെനിയ, വയനാട് പുൽപ്പള്ളിയിലെ ആദിത്യ രവി, കോഴിക്കോട് കക്കോടിയിലെ ആർ എസ് അനൂപ്, ചേമഞ്ചേരി സ്വദേശി എസ് ബി റിതിൻ എന്നിവരാണ് നാട്ടിലെത്തിയത്.
18 പേരെക്കൂടി ബുധനാഴ്ച നാട്ടിലെത്തിക്കും. നോർക്ക ആസ്ഥാനത്തിനു പുറമെ ഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എൻആർകെ ഡെവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നുണ്ട്. മണിപ്പുരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ: -1800 425 3939.