താനൂർ> ജനക്കൂട്ടം പൂരപ്പുഴ തീരത്തുനിന്നൊഴിഞ്ഞു. കൂട്ടക്കരച്ചിലുകൾ തേങ്ങലുകൾക്ക് വഴിമാറി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം വലിയ ജുമാഅത്ത് പള്ളിയിൽ കുന്നുമ്മൽ വീട്ടിലെ 11 പേരുടെ ഖബർസ്ഥാനിലെത്തി അന്ത്യാഞ്ജലിയർപ്പിച്ച് മടങ്ങിയവർ കണ്ണീർവാർത്തു. മരിച്ചവരുടെ വീടുകളിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വാസവാക്കുകൾ കിട്ടാതെ വെമ്പി. ഞായറാഴ്ച രാത്രിയുടെ ഞെട്ടലിൽനിന്ന് താനൂർ മുക്തമായിട്ടില്ല.
അപകടമുണ്ടായിടത്ത് ചൊവ്വാഴ്ചയും തെരച്ചിൽ നടത്തി. ബോട്ടിൽ കയറിയവരുടെ എണ്ണത്തിൽ അവ്യക്തതയുള്ളതിനാൽ എല്ലാവർക്കും ആശങ്ക. തെരച്ചിൽ സംഘം ഓരോതവണയും കരയിലേക്ക് വരുമ്പോഴും തീരത്തുള്ളവർ നെടുവീർപ്പിട്ടു. ‘ഇനിയാരും ഉണ്ടാകാതിരിക്കട്ടെ’–- നാട്ടുകാർ പരസ്പരം പറഞ്ഞു. ‘അപകടം നടന്നപ്പോൾ ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അവിടെക്കണ്ട കാഴ്ചകൾ ഇപ്പോഴും കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം അതിവേഗമായിരുന്നു.
നാട്ടുകാരും സർക്കാർ സംവിധാനവും കൈകോർത്തു. അപകടസ്ഥലത്ത് ആരെയും കാണാതായതായി വിവരമില്ല. ഇനിയാരും അകപ്പെട്ടിട്ടുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം’– -പ്രദേശവാസിയായ എം അനിൽകുമാർ പറഞ്ഞു. ബോട്ടിലെ സ്രാങ്കിനെയും ജീവനക്കാരെയും കണ്ടെത്തിയിട്ടില്ല. ടിക്കറ്റ് എടുക്കാതെയും ആളുകൾ കയറിയിട്ടുണ്ടെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ അവ്യക്തതക്ക് ഇടയാക്കിയതും ഇതാണ്.
‘ഞായർ രാത്രി 11.40നാണ് അവസാന മൃതദേഹം കിട്ടിയത്. ചെളിയിൽ പൂണ്ടുകിടന്ന കുട്ടിയുടേതായിരുന്നു അത്. രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ’– – താനൂർ സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ്കുമാർ പറഞ്ഞു. രണ്ടുപേരുടെ ഉടമസ്ഥതയിലുള്ള അഞ്ച് ബോട്ടുകളാണ് പൂരപ്പുഴയിൽ വിനോദസഞ്ചാരികളെ കയറ്റിയിരുന്നത്. ബോട്ടിൽ പുക ഉയർന്നിരുന്നതായും ഇതേ തുടർന്ന് ആളുകൾ ഒരുവശത്തേക്ക് നീങ്ങിയതായും രക്ഷപ്പെട്ടവരിൽ ചിലർ പറയുന്നുണ്ട്. തൂവൽതീരത്തെ രണ്ട് ബോട്ട് ജെട്ടികളും നാട്ടുകാർ തകർത്തു.