പാരിസ്> ലോക ഫുട്ബോൾ ഇനി സൗദി അറേബ്യയിൽ ചുരുങ്ങുമോ? ഈ മാസം അവസാനം അതിനുള്ള ഉത്തരം ലഭിക്കും. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസി സൗദി ക്ലബ് അൽ ഹിലാലിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം. അങ്ങനെ സംഭവിച്ചാൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽക്കൂടി മുഖാമുഖമെത്തും. മെസി മാത്രമല്ല, ബാഴ്സലോണയിലെ ചില പ്രധാന താരങ്ങളും സൗദിയിലേക്കുള്ള വഴിയിലെന്നാണ് സൂചന.
എന്നാൽ, മെസി സൗദി ക്ലബ്ബുമായി കരാറിലെത്തിയെന്ന വാർത്തകളെ അർജന്റീന ക്യാപ്റ്റന്റെ അച്ഛൻ ഹോർജെ മെസി നിഷേധിച്ചു. അടുത്ത സീസണിൽ ഏത് ക്ലബ്ബിനുവേണ്ടി കളിക്കുമെന്നതിൽ ഒരു തീരുമാനവുമായിട്ടില്ല. സീസൺ അവസാനത്തോടെ മാത്രമേ തീരുമാനിക്കുകയുള്ളൂ. ഒരിടത്തും ഒപ്പിട്ടില്ല. വാക്കാൽപ്പോലും ഉറപ്പിച്ചിട്ടില്ല. വാസ്തവവിരുദ്ധമായ വാർത്തകളാണ് പുറത്തുവരുന്നത്–- ഹോർജെ മെസി പറഞ്ഞു.
ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയ മെസിക്ക് പ്രതീക്ഷിച്ച കളിജീവിതമല്ല കിട്ടിയത്. അവസാനഘട്ടത്തിൽ കാണികൾ എതിരായി. ഒരു വർഷംകൂടി കരാർ നീട്ടുമെന്നായിരുന്നു ലോകകപ്പിനുമുമ്പുള്ള സൂചന. എന്നാൽ, ഫ്രാൻസിനെ കീഴടക്കി അർജന്റീനയെ ലോക ചാമ്പ്യൻമാരാക്കി തിരിച്ചെത്തിയ മെസിക്ക് നല്ല വരവേൽപ്പല്ല കിട്ടിയത്. ഇതിനിടെയാണ് അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര ചെയ്തതിന് പിഎസ്ജി വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, ക്ലബ് വിലക്കു കാലാവധി ചുരുക്കി. മുപ്പത്തഞ്ചുകാരൻ ക്ലബ്ബിൽ പരിശീലനം നടത്തുകയും ചെയ്തു. ടീമിനെ ലീഗ് ചാമ്പ്യൻമാരാക്കി അവസാനിപ്പിക്കാനാണ് തീരുമാനം. ഏതായാലും പിഎസ്ജി വിടുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അൽ ഹിലാൽ വമ്പൻ വാഗ്ദാനവുമായെത്തിയത്. കഴിഞ്ഞമാസം തുടക്കംമുതൽ അൽ ഹിലാൽ രംഗത്തുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നാസെർ ക്ലബ്ബിന്റെ മുഖ്യ എതിരാളിയാണ് അൽ ഹിലാൽ.
ബാഴ്സ താരങ്ങളായ സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ എന്നിവരെയും ക്ലബ് സമീപിച്ചിരുന്നു. തുകയിൽ തീരുമാനമാകാനുണ്ട്.
മെസിയെ തിരിച്ചുകൊണ്ടുവരാൻ ബാഴ്സ ശ്രമം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്സയ്ക്ക് അതിന് സാധിക്കുമോ എന്നതാണ് സംശയം. അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിയും രംഗത്തുണ്ട്. 5400 കോടി രൂപയാണ് അൽ ഹിലാലിന്റെ വാഗ്-ദാനം.
കഴിഞ്ഞദിവസമാണ് മെസിക്ക് ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറിയസ് പുരസ്കാരം ലഭിച്ചത്. മികച്ച ടീമായി അർജന്റീന ടീമിനെയും തെരഞ്ഞെടുത്തു.