മോസ്കോ> റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ യുദ്ധം ചെയ്യുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പാശ്ചാത്യ രാജ്യങ്ങളുടെ അത്യാഗ്രഹവും ദുരഭിമാനവുമാണ് ഉക്രയ്ൻ യുദ്ധത്തിലേക്ക് നയിച്ചത്. മാനവരാശി വഴിത്തിരിവിന്റെ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോകയുദ്ധത്തിൽ നാസി പട്ടാളത്തിനെതിരെ സോവിയറ്റ് യൂണിയൻ വിജയം കൈവരിച്ചതിന്റെ 78–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മോസ്കോയിൽ സംഘടിപ്പിച്ച വിജയദിന പരേഡിൽ സംസാരിക്കുകയായിരുന്നു പുടിൻ.
ഉക്രയ്ൻ യുദ്ധഭൂമിയിൽനിന്ന് പരേഡിൽ പങ്കെടുക്കാനെത്തിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കുക മാത്രമാണ് റഷ്യ ചെയ്യുന്നതെന്നും പുടിൻ പറഞ്ഞു.മോസ്കോയിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരിമിതമായ രീതിയിൽ മാത്രമാണ് പരിപാടികൾക്ക് അനുമതി നൽകിയത്. അടുത്തിടെ ക്രെംലിനിലടക്കം ആക്രമണം നടന്ന പശ്ചാത്തലത്തിലാണിത്.
മുൻ സോവിയറ്റ് രാജ്യങ്ങളായ കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അർമേനിയ എന്നിവയുടെ തലവന്മാരും വിജയദിനാഘോഷത്തിൽ പങ്കെടുത്തു. അതിനിടെ, പോളണ്ടിലെ വാർസോയിൽ വിജയദിന സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കാനെത്തിയ റഷ്യൻ സ്ഥാനപതിയെ ഉക്രയ്ൻ–- പോളിഷ് പ്രക്ഷോഭകർ തടഞ്ഞു.
യൂറോപ്യൻ യൂണിയൻ റഷ്യയുടെ ശക്തിപ്രകടനത്തിൽ ഭയപ്പെടരുതെന്നും ഉക്രയ്നെ തുടർന്നും സഹായിക്കണമെന്നും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച യൂറോപ്പ് ദിനവുമായിരുന്നു. യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്ൻ കീവിലെത്തി ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.