കുവൈത്ത് സിറ്റി > കുവൈത്തിൽ ഗതാഗത വകുപ്പ് കഴിഞ്ഞ ഒരാഴ്ചക്കാലം നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 34,837 പേർക്ക് പിഴ ചുമത്തിയതായി പൊതു ഗതാഗതവകുപ്പ് അറിയിച്ചു. പരിശാധനയിൽ ഗുരുതരമായ നിയമ ലംഘനം നടത്തിയ ഇരുപത്തി രണ്ടു പേരെ അറസ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ച് വാഹനമോടിച്ച 80 കുട്ടികളെ ഒരാഴ്ചയ്ക്കുള്ളിൽ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തതായും, 178 മോട്ടോർ ബൈക്കുകളും 34 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി. റോഡുകളിൽ, സുരക്ഷ നിലനിർത്തുന്നതിനും ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിനുമായി ഗതാഗതവകുപ്പ് നടത്തുന്ന ക്യാമ്പെയിനുകൾ ഫലം കണ്ടുവരുന്നതായും വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് സാധിച്ചതായും അധികൃതർ പറഞ്ഞു. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പരിശോധനകൾ തുടരുമെന്നും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് എല്ലാവരോടും അഭ്യർത്ഥിച്ചു.