ന്യൂഡൽഹി > സഹിഷ്ണുതയുള്ളവർ മുസ്ലിങ്ങളിൽ കുറവാണെന്നും സഹിഷ്ണുത നടിക്കുന്നവരിൽ ചിലർക്ക് തന്നെ അത് പൊതുരംഗത്തെ സ്ഥാനങ്ങൾക്കായുള്ള മുഖംമൂടിയാണെന്നും കേന്ദ്ര നിയമസഹമന്ത്രി സത്യപാൽ സിങ് ബാഘേൽ. ഗവർണർമാരോ ഉപരാഷ്ട്രപതിയോ ആകാനാണ് ഇവർ സഹിഷ്ണുത കാണിക്കുന്നത്. അത് അടവാണ്. പൊതുരംഗത്തുനിന്ന് വിരമിച്ചുകഴിഞ്ഞാൽ അവർ മനസിലുള്ളത് തുറന്നുപറയും- മഹാരാഷ്ട്ര സദനിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞു.
മുസ്ലിം മതമൗലികവാദത്തെ നേരിടണമെന്നും എന്നാൽ അക്ബർ ചക്രവർത്തിയെപ്പോലുള്ളവരുടെ മാതൃക ശ്ലാഘനീയമാണെന്നും വിവരാവകാശ കമീഷണർ ഉദയ് മഹർക്കർ പ്രസംഗിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്. അക്ബറുടെ മതസഹിഷ്ണുത തന്ത്രം മാത്രമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഹിന്ദുഭൂരിപക്ഷ രാജ്യമായിരുന്നെന്ന് അക്ബറിന് അറിയാമായിരുന്നു. മതവികാരം വ്രണപ്പെടുത്തി അഖണ്ഡഭാരതം ഭരിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. പക്ഷേ അത് തന്ത്രമായിരുന്നു. ഹൃദയത്തിൽനിന്നുള്ള വികാരം ആയിരുന്നില്ല. ജോധാബായിയെ വിവാഹം കഴിച്ചതും രാഷ്ട്രീയ താൽപര്യത്തോടെ ആയിരുന്നു. നവരത്നങ്ങളിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയതും രാഷ്ട്രീയ നടപടിയായിരുന്നു. മരണത്തിനു മുമ്പ് അദ്ദേഹത്തിന്റെ അവസാനവാക്കുകൾ ‘യാ അള്ളാ’ എന്നായിരുന്നു – മന്ത്രി ബാഘേൽ പറഞ്ഞു.
അഴിമതിയെക്കാൾ വലിയ വിപത്തുകൾ വർഗീയതയും ജനസംഖ്യയിലെ ആനുപാതികമല്ലാത്ത വളർച്ചയുമാണ്. ഭരണഘടനയുടെ അടിസ്ഥാനഘടന ഹിന്ദുരാഷ്ട്ര സങ്കൽപമാണെന്നും മന്ത്രി അവകാശപ്പെട്ടു.