പേരാവൂർ (കണ്ണൂർ )
ജാക്കി ലിവർകൊണ്ട് ക്ലീനറെ അടിച്ചുകൊന്ന ലോറി ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചൊവ്വാഴ്ച പുലർച്ചെയാണ് പേരാവൂരിനടുത്ത് നിടുംപൊയിൽ പേരിയ ചുരത്തിൽ കൊല്ലം പത്തനാപുരം പുന്നല സ്വദേശി സിദ്ദീഖ് (28)കൊല്ലപ്പെട്ടത്. ലോറിഡ്രൈവർ പത്തനാപുരം നടന്നൂർ പടന്നാല സ്വദേശി നിഷാദ് (35) കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിയുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുത്തു.
ആന്ധ്രയിൽനിന്ന് കണ്ണൂർ കൂത്തുപറമ്പിലേക്ക് സിമന്റുമായി വരികയായിരുന്ന ലോറി തിങ്കളാഴ്ച രാത്രി ചുരത്തിൽ നിർത്തിയിട്ടശേഷം ഇരുവരും മദ്യപിച്ചു. വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് രണ്ടുപേരും ഉറങ്ങാൻകിടന്നു. പുലർച്ചെ നിഷാദ് ഉറക്കമുണർന്നപ്പോൾ, ലോറിയുടെ ബ്രേക്ക് വയർ മുറിച്ചിട്ടതായി കണ്ടു. തന്നെ കൊല്ലാനുള്ള ഉദ്ദേശ്യത്തിൽ സിദ്ദീഖ് മുറിച്ചിട്ടതാണെന്ന വിശ്വാസത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റു ചില പ്രശ്നങ്ങളും ഇവർ തമ്മിലുണ്ട്.
|മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിയിലെ ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പേരാവൂർ ഡിവൈഎസ്പി എ വി ജോണിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ എം എൻ ബിജോയിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
പുന്നലയിലെ ദിവാൻ മുഹമ്മദിന്റെയും സൈത്തൂൻ ബീവിയുടെയും മകനാണ് സിദ്ദീഖ്. ഭാര്യ: ഹസ്ന.സഹോദരൻ: ഷിയാസ്.