കുവൈത്ത് സിറ്റി > മലപ്പുറം താനൂരിൽ ഇന്നലെയുണ്ടായ ബോട്ടപകടത്തിൽ കുവൈത്തിലെ വിവിധ സംഘടനകൾ ദുഖവും അനുശോചനവും രേഖപ്പെടുത്തി. കുട്ടികളടക്കമുള്ളവരുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്നു കല കുവൈത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുവൈത്ത് കെഎംസിസി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കുഞ്ഞുങ്ങളടക്കം 22 ജീവനുകൾ പൊലിഞ്ഞ ബോട്ടപകടത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി. കുറ്റക്കാരായ ബോട്ടുടമയേയും തൊഴിലാളികളെയും മാതൃകാപരമായി ശിക്ഷിച്ച് ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങളില്ലാതാക്കാൻ നിയമങ്ങൾ കർശനമാക്കണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
താനൂർ ബോട്ടപകടം: കല കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി > താനൂർ ഒട്ടുപുരം തൂവൽ തീരത്ത് സ്വകാര്യ ഹൗസ് ബോട്ട് മറിഞ്ഞുണ്ടായ ബോട്ടപകടത്തിൽ കേരള ആർട്സ് ലവേർസ് അസോസിയേഷൻ കല കുവൈറ്റ് അനുശോചിച്ചു. ബോട്ടപകടത്തിൽ ഇരുപതിൽപ്പരം ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.