കൊച്ചി
ജലാശയങ്ങളിലെ ഉല്ലാസയാത്രകൾ ദുരന്തത്തിൽ കലാശിക്കാതിരിക്കാൻ നിയമങ്ങളും അതു നടപ്പാക്കാനുള്ള സംവിധാനവും ധാരാളം. എന്നാൽ, അവ പാലിക്കാത്തതിനുപിന്നിൽ സഞ്ചാരികളുടെ അശ്രദ്ധമുതൽ ബോട്ടുടമകളുടെ ലാഭക്കൊതിവരെ നിരവധി കാരണങ്ങൾ. അവധിദിവസങ്ങളിൽ സഞ്ചാരികൾ കൂടുതൽ എത്തുമ്പോൾ സുരക്ഷാനിർദേശങ്ങൾ അവഗണിക്കുന്നു. അനുവദനീയമായതിൽ അധികം യാത്രക്കാരെ കയറ്റുക, ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കാതിരിക്കുക, കാഴ്ച കാണാൻ യാത്രക്കാർ ഒരുഭാഗത്ത് കേന്ദ്രീകരിക്കുക തുടങ്ങിയവയും അപകടങ്ങൾക്കിടയാക്കുന്നു.
ഉൾനാടൻ ജലയാനങ്ങളുടെ നിർമാണഘട്ടംമുതൽ ലൈസൻസ് നൽകുന്നതുവരെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകളുണ്ട്. 2021ലെ ഉൾനാടൻ ജലയാന നിയമവും ചട്ടങ്ങളും അനുസരിച്ചാണ് മാരിടൈം ബോർഡ് (തുറമുഖ ഡയറക്ടറേറ്റ്) ലൈസൻസ് നൽകുക.
ബോട്ട് പണിയുംമുമ്പേ യന്ത്രത്തിന്റെ ശക്തിയും രൂപരേഖയും സഹിതം മാരിടൈം ബോർഡിന് അപേക്ഷ നൽകണം. കുസാറ്റ് ഷിപ് ടെക്നോളജി വകുപ്പുപോലെ അക്രഡിറ്റേഷനുള്ള സംസ്ഥാനത്തെ അഞ്ചു സ്ഥാപനങ്ങളിലൊന്നിലെ നേവൽ ആർക്കിടെക്ചർ ഡ്രോയിങ്ങും സ്റ്റെബിലിറ്റിയും പരിശോധിച്ച് അനുമതി നൽകിയാൽ ചീഫ് സർവേയർ പരിശോധിച്ച് ബോട്ട് പണിയാൻ പ്രാഥമിക ലൈസൻസ് നൽകും. മാരിടൈംബോർഡ് അംഗീകരിച്ച യാർഡുകളിലാകണം നിർമാണം. പണി പൂർത്തിയായശേഷം ചീഫ് സർവേയർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ രജിസ്ട്രേഷന് അപേക്ഷിക്കാം.
രൂപരേഖ അനുസരിച്ചാണോ നിർമാണമെന്നും നിയമപ്രകാരമുള്ള ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, നാവിഗേഷൻ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റ്, റോപ്പ്, ആങ്കർ, ഇൻഷുറൻസ്, വെസൽ ഓപറേറ്റർ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടോ എന്നും പരിശോധിച്ചാണ് ഫിറ്റ്നസ് നൽകുക. രജിസ്ട്രേഷൻ നൽകുന്നത് രജിസ്ട്രാർ ഓഫ് ഇൻലാൻഡ് വെസൽസാണ്. കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവയെല്ലാം രജിസ്ട്രേഷൻ നിബന്ധനകളിലുണ്ടാകും. യാത്രക്കാരുടെ എണ്ണമനുസരിച്ച് ലൈഫ് ജാക്കറ്റുകൾ വേണമെന്നും തീപിടിത്തം തടയാനുൾപ്പെടെ സുരക്ഷാക്രമീകരണം വേണമെന്നും നിബന്ധനയുണ്ട്. സൂര്യോദയത്തിനുശേഷവും സൂര്യാസ്തമയത്തിനുമുമ്പുമേ സർവീസ് നടത്താവൂ. അപകടമുണ്ടായാൽ ഉത്തരവാദിത്വം ബോട്ടുടമയ്ക്കാണ്. നഷ്ടപരിഹാരം ഉറപ്പാക്കാൻ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതും ഉടമയാണ്. ലൈസൻസ് ഇല്ലാത്ത യാനങ്ങൾ സർവീസ് നടത്തിയാൽ നടപടി എടുക്കേണ്ടത് മാരിടൈം ബോർഡിനുകീഴിലുള്ള ജില്ലാ പോർട്ട് ഓഫീസർമാരാണ്. ബോട്ട് ലൈസൻസ് പുതുക്കുമ്പോഴും സർവേയർ പരിശോധിച്ച് റിപ്പോർട്ട് നൽകണം.
ബോട്ട് നിർമിച്ചത് മുൻകൂർ അനുമതിയില്ലാതെ
താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് നിർമിച്ചത് മാരിടൈം ബോർഡിന്റെ നിർമാണാനുമതിയില്ലാതെ. നിർമാണം പൂർത്തിയായശേഷമാണ് ബോട്ടുടമ രജിസ്ട്രേഷന് അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച് പിഴ ഈടാക്കി തുടർനടപടി സ്വീകരിക്കാൻ മാരിടൈം ബോർഡ് സിഇഒ സലിംകുമാർ നിർദേശിക്കുകയായിരുന്നു.
ഉൾനാടൻ ജലയാന നിയമപ്രകാരം ബോട്ട് നിർമിക്കണമെങ്കിൽ കേരള മാരിടൈം ബോർഡ് അംഗീകരിച്ച നേവൽ ആർക്കിടെക്ടുകളുടെ പാനലിൽനിന്ന് ഒരാളുടെ സാക്ഷ്യപത്രത്തോടെ ഫോറം ഒന്നിൽ ചീഫ് സർവേയർക്ക് അപേക്ഷ നൽകണം. എന്നാൽ, ബോട്ടുടമ നാസർ മുൻകൂർ നിർമാണാനുമതി വാങ്ങിയിരുന്നില്ല. നിർമാണം പൂർത്തിയാക്കിയശേഷം നാസർ ജനുവരി 12ന് ബേപ്പൂർ പോർട്ട് രജിസ്ട്രിയിൽ അപേക്ഷ നൽകി. ഇക്കാര്യം മാരിടൈം ബോർഡിന് റിപ്പോർട്ട് ചെയ്തു. 10,000 രൂപ പിഴ ഈടാക്കി സുരക്ഷാമാനദണ്ഡങ്ങൾ പരിശോധിച്ച് രജിസ്ട്രേഷനുള്ള തുടർനടപടി സ്വീകരിക്കാൻ മാരിടൈം ബോർഡ് സിഇഒ സലിംകുമാർ നിർദേശിച്ചു. ഫെബ്രുവരി 28നാണ് സിഇഒ നിർദേശം നൽകിയത്. തുടർന്നാണ് പിഴ ഈടാക്കി തുടർനടപടിയിലേക്ക് കടന്നത്.
സിഇഒയുടെ നിർദേശത്തിൽ മാർച്ച് 12ന് ചീഫ് സർവേയർ ബോട്ട് പരിശോധിച്ച് സർവേ സർട്ടിഫിക്കറ്റ് നൽകി. 22 പേർക്ക് സഞ്ചരിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാൽ, ബോട്ടിന് മാരിടൈം ബോർഡിന്റെ രജിസ്ട്രേഷൻ ലഭിച്ചില്ല. ഉൾനാടൻ ജലയാന നിയമപ്രകാരമാണ് ബോട്ടുടമയുടെ അപേക്ഷ ക്രമവൽക്കരിക്കാൻ നിർദേശം നൽകിയതെന്ന് മാരിടൈം ബോർഡ് സിഇഒ സലിംകുമാർ ‘ദേശാഭിമാനി’യോട് പറഞ്ഞു.
മാരിടൈം ബോർഡ് അന്വേഷിക്കും
താനൂർ ബോട്ടുദുരന്തം സംസ്ഥാന മാരിടൈം ബോർഡ് അന്വേഷിക്കും. അന്വേഷണത്തിനായി അഴീക്കൽ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി. അപകടം, അപകടകാരണങ്ങൾ, നിയമലംഘനം എന്നിവ ഉൾപ്പെടെ സമഗ്രമായ അന്വേഷണമാകും നടത്തുക.