തിരൂരങ്ങാടി
പൂരപ്പുഴയുടെ ആഴങ്ങളിൽനിന്ന് ജീവിതം തിരികെ കിട്ടിയതിന്റെ ആശ്വാസത്തേക്കാളേറെ അപകടമേൽപ്പിച്ച നടുക്കമാണ് രാജിഷയുടെ കണ്ണുകളിൽ. മരണവും മനുഷ്യരുടെ നിസ്സഹായതയും നേരിൽകണ്ട പകപ്പിൽനിന്ന് ഷിബിനും മോചിതനായിട്ടില്ല. മൂന്നിയൂർ കോംബ്ലയിൽ ഷിബിനും ഭാര്യ രാജിഷയും ആറുവയസുള്ള മകൾ ഹിദയും അരമണിക്കൂറോളമാണ് രക്ഷകരെ കാത്തിരുന്നത്. ആഴങ്ങളിലേക്കുള്ള വീഴ്ചയിൽ ലൈഫ് ജാക്കറ്റാണ് ഇവർക്ക് തുണയായത്.
മകൾക്കും ബോട്ടിലുണ്ടായിരുന്ന മറ്റ് ചില കുട്ടികൾക്കും ഷിബിൻ ജാക്കറ്റ് എടുത്ത് നൽകിയിരുന്നു. ഷിബിനും ജാക്കറ്റ് ധരിച്ചു. ‘‘ലൈഫ് ജാക്കറ്റ് ഇട്ടതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്’’–- രാജിഷ ആശ്വാസം പങ്കുവയ്ക്കുന്നു. യാത്ര തുടങ്ങി കുറച്ച് മുന്നോട്ടുപോയപ്പോഴാണ് ബോട്ട് വളച്ചത്. എന്ത് പറ്റിയെന്ന് മനസിലായില്ല. എല്ലാവരുംകൂടി ഒരുഭാഗത്തേക് നീങ്ങിപ്പോയി. ആളുകൾ വെള്ളത്തിലേക്ക് തെറിച്ചുവീണു. കുട്ടികളായിരുന്നു കൂടുതലും. അവർക്ക് മുകളിലേക്കാണ് ബോട്ട് മറിഞ്ഞത് ’’–- രാജിഷയുടെ വാക്കുകളിൽ നടുക്കം. ബോട്ടിൽ തട്ടി രാജിഷയുടെ കഴുത്തിന് പരിക്കുണ്ട്. ഷിബിനും ചെറിയപരിക്കുണ്ട്. ഇരുവരും തിരൂരങ്ങാടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി ചികിത്സ തേടി.