ന്യൂഡൽഹി
ഗുസ്തി താരങ്ങളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെതിരായ സമരത്തിന് പിന്തുണയുമായി വൻ കർഷക മാർച്ച്. ജന്തർമന്തറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയിലേക്ക് സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് കർഷകർ മാർച്ച് നടത്തി. മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷക മാർച്ച് മുന്നേറിയത്. സമരം 16––ാം ദിവസം പിന്നിട്ടിട്ടും കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ മാർച്ചിൽ മുഴങ്ങി. വൈകിട്ടോടെ ബാരിക്കേഡുകൾ വെൽഡ് ചെയ്ത് യോജിപ്പിച്ചു. സമരവേദിയിൽ കൂടുതൽ കർഷകർ എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് അതിർത്തിയിലും സമരവേദിയിലും ദ്രുതകർമസേനയെ വിന്യസിച്ചു. ഇരുപത്തൊന്നിനകം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി ഉപരോധിക്കുമെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വൻ പൊലീസ് സന്നാഹത്തെയാണ് വിവിധ മേഖലയിൽ നിയോഗിച്ചിരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനും സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.
ബ്രിജ്ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി സംഘടനങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പോക്സോ അടക്കം ഗുരുതര വകുപ്പുകളിൽ പ്രതിയായ ബിജെപി എംപിയെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ലോക്സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു.