കേരളത്തിന് വീണ്ടും ജലംകൊണ്ട് മുറിവേറ്റു. ഒരു നിമിഷത്തെ വിവേകശൂന്യമായ ആവേശവും ബോട്ടധികൃതരുടെ അനാസ്ഥയും 22 ജീവനാണ് കവര്ന്നത്. നാടാകെ പെയ്യുന്ന കണ്ണീർമഴയിൽ തണുത്തുവിറങ്ങലിച്ച് അവർ വെള്ളപുതച്ചു കിടന്നു. തൂവൽതീരം മരണതീരമായി
താനൂർ
രാത്രി പെയ്ത്തിന്റെ ശേഷിപ്പായി നനഞ്ഞ ഇടവഴികൾ, കണ്ണീർ കടലായി മുഖങ്ങൾ–-നെഞ്ചുപിളർക്കുന്ന നിമിഷങ്ങൾ നിറഞ്ഞ പകൽ. ഭാര്യയും മക്കളും നഷ്ടപ്പെട്ടവർ, കുടുംബമാകെ ഇല്ലാതായവരുടെ ബന്ധുക്കൾ, താലോലിച്ച് മതിയാകാത്ത കുഞ്ഞുമക്കളെ നഷ്ടമായവർ… ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നിട്ടും 22 പേരെ പുഴയെടുത്തതിന്റെ ആഘാതത്തിൽ വിങ്ങിപ്പൊട്ടുകയാണ് നാട്. താനൂർ തൂവൽതീരത്ത് സ്വകാര്യ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് മരിച്ചവർക്ക് നാട് കണ്ണീരോടെ വിടനൽകി.
ഞായർ രാത്രി ഏഴേമുക്കാലോടെയാണ് ഒട്ടുംപുറം പൂരപ്പുഴയിൽ ‘അറ്റ്ലാന്റിക്’ ബോട്ട് മറിഞ്ഞത്. 37 സഞ്ചാരികളിൽ രാത്രിതന്നെ 22 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ചുപേർ രക്ഷപ്പെട്ടു. 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടമുണ്ടായപ്പോൾ മുതൽ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും സ്കൂബ, ട്രോമാ കെയർ സംഘവും തുടങ്ങിയ രക്ഷാപ്രവർത്തനം തിങ്കൾ രാവിലെയും തുടർന്നു. ഒരു കുട്ടിയെ കാണാനില്ലെന്ന വിവരവും പുറത്തുവന്നു. നാവികസേനാസംഘം ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി. വൈകാതെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടെന്ന വിവരംവന്നു.
തിങ്കൾ രാവിലെ ആറോടെതന്നെ വിവിധ ആശുപത്രികളിൽ പോസ്റ്റുമോർട്ടം ആരംഭിച്ചു. പത്തരയോടെ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചു. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ വീട്ടിലെ 11 പേരുടെയും മൃതദേഹം വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ അടുത്തടുത്തായാണ് ഖബറടക്കിയത്. നെടുവ ചെട്ടിപ്പടിയിലെ നാലംഗ കുടുംബത്തിന്റെ മൃതദേഹം ആനപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി. അപകടത്തിൽപ്പെട്ട ബോട്ടിന് ലൈസൻസില്ല. ഉടമ നാസറിനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിൽ ബോട്ടപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് തിങ്കളാഴ്ച ദുഃഖമാചരിച്ചു.