പരപ്പനങ്ങാടി
പൊളിഞ്ഞുവീഴാറായ പഴയ കൂരയ്ക്കുമുന്നിൽ പാതിയിൽ മുറിഞ്ഞ സ്വപ്നംപോലെ വീടിന്റെ തറ. പണിതുയരുമായിരുന്നെങ്കിൽ ഈ വീട്ടിൽ സന്തോഷത്തോടെ കഴിയേണ്ടിയിരുന്ന 11 പേരാണ് ജീവനറ്റ് കിടക്കുന്നത്. ഒരുകൂരയിൽ കളിചിരികളുമായി ഒന്നിച്ചുകഴിയേണ്ടവർ ഒടുവിൽ ഒരു ഖബറിടത്തിൽ ഒന്നായി അന്തിയുറങ്ങി. മരണം തട്ടിയെടുത്ത ഉറ്റവരെ നോക്കി വിതുമ്പി നിൽക്കുന്ന സെയ്തലവിക്കൊപ്പം ഒരു നാടൊന്നാകെ കണ്ണീരണിഞ്ഞു.
പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കുന്നുമ്മൽ വീട്ടിൽ സെയ്തലവിയുടെ ഭാര്യ സീനത്ത് (42), മക്കളായ ഹസ്ന (18), ഷംസന (17), ഷഹല (12), ഫദ ഫൽന (എട്ട്), സെയ്തലവിയുടെ അനുജൻ സിറാജിന്റെ ഭാര്യ റസീന (28), മക്കളായ സഹറ (എട്ട്), ഫാത്തിമ നുഷ്ദ (ഏഴ്), ഫാത്തിമ റൈന (8 മാസം), അടുത്ത ബന്ധു കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ (44), മകൻ ജദീർ (10) എന്നിവരെയാണ് മരണം തട്ടിയെടുത്തത്. ഇനി ഈ വീട്ടിൽ സെയ്തലവിയും സിറാജും ഉമ്മ റുഖിയാബിയും മാത്രം.
മത്സ്യത്തൊഴിലാളികളാണ് സെയ്തലവിയും സിറാജും ജാബിറും. പകലന്തിയോളം പണിയെടുത്താലും മിച്ചംവയ്ക്കാനൊന്നുമില്ലാത്തവർ. എങ്കിലും ഒരേ വീട്ടിൽ ഇവർ സന്തോഷം പങ്കിട്ടു. പഴയ വീട് പൊളിഞ്ഞുവീഴാറായപ്പോൾ നാലുവർഷംമുമ്പാണ് പുതിയ വീടിന് തറ കെട്ടിയത്. സാമ്പത്തികപ്രയാസത്തിൽ അത് സ്വപ്നമായി തുടർന്നു. താനൂർ നഗരസഭയിൽ അപേക്ഷ കൊടുത്തെങ്കിലും അവഗണിച്ചു.
ഞായർ രാത്രി ഏഴരയോടെ സെയ്തലവി ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. ബോട്ടിലാണ് ഇപ്പോൾ തിരിക്കുമെന്ന് പറഞ്ഞയുടൻ കട്ടായി. ഉടൻ സുഹൃത്തുക്കളെയും കൂട്ടി പോയപ്പോഴാണ് ബോട്ട് മറിഞ്ഞത് കണ്ടത്. തോണിയിൽ രക്ഷാപ്രവർത്തനത്തിന് സെയ്തലവിയും കൂട്ടുകാരും ഇറങ്ങി. ആദ്യംതന്നെ പുഴയിൽനിന്നെടുത്തത് ഒരു കുഞ്ഞിന്റെ മൃതദേഹമായിരുന്നു. അത് തന്റെ കുഞ്ഞാണെന്ന് മനസ്സിലാക്കിയ നിമിഷം സെയ്തലവിയുടെ ഹൃദയം പൊടിഞ്ഞു. സുഹൃത്തുക്കളാണ് ഒടുവിൽ കരയിലെത്തിച്ചത്. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോഴും ആൾക്കൂട്ടത്തിൽ തളർന്നിരുന്ന് പൊട്ടിക്കരയുകയായിരുന്നു സെയ്തലവിയും സിറാജും.
കുടുംബത്തിലെ പതിനൊന്നുപേരെ ഖബറടക്കിയ പരപ്പനങ്ങാടി പുത്തൻ കടപ്പുറം വലിയ ജുമാഅത്ത് പള്ളി ഖബറിൽ മീസാൻകല്ല്വച്ചശേഷം ചെടികൾ നടുന്നു