കർണാടക > കർണാടകത്തിൽ സിപിഐ എം സ്ഥാനാർഥിയെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബാഗേപ്പള്ളിയിൽ സിപിഐ എം സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. അനിൽ കുമാറിനെയാണ് ഒരു കൂട്ടം ബിജെപി ഗുണ്ടകൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളിലായി ഇരുപതോളം പേരാണ് രാത്രിയിൽ അനിൽ കുമാറിന്റെ വസതിയിലെത്തിയത്. സംഘം വീടിനുള്ളിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. സിപിഐ എം പ്രവർത്തകരുടെ പരാതിയെത്തുടർന്ന് അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും മാരകായുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും പിന്നിലുള്ള യഥാർഥ ശക്തികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പ്രവർത്തകർ ബാഗേപ്പള്ളി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തി.
‘ബാഗേപ്പള്ളിയിൽ സിപിഐ എം സ്ഥാനാർഥി അനിൽ കുമാറിന് ഏറെ ജനപിന്തുണയുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇതിൽ വെറി പൂണ്ട ബിജെപി പ്രവർത്തകരാണ് ഇത്തരമൊരു അക്രമണശ്രമത്തിനു പിന്നിൽ’- സിപിഐ എം ചിക്കബല്ലപുര ജില്ലാ സെക്രട്ടറി മുനിവെങ്കടപ്പ പറഞ്ഞു. മുൻപും ഇത്തരം അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അക്രമത്തെപ്പറ്റി കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അനിൽ കുമാറിന് സംരക്ഷണം നൽകേണ്ടതുണ്ടെന്നും മുനിവെങ്കടപ്പ ആവശ്യപ്പെട്ടു.
സിപിഐ എം ശക്തികേന്ദ്രം
മൂന്നുതവണ സിപിഐ എം ബാഗേപ്പള്ളിയിൽ വിജയിച്ചിട്ടുണ്ട്. 1983ൽ എ വി അപ്പാസ്വാമി റെഡ്ഡിയും 1994ലും 2004ലും ജി വി ശ്രീരാമ റെഡ്ഡിയുമാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് കോൺഗ്രസിലെ എസ് എൻ സുബ്ബ റെഡ്ഡി 14,013 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിന്റെ ജി വി ശ്രീരാമ റെഡ്ഡിയെ പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 38,302 വോട്ട് നേടി. ബിജെപിക്ക് കിട്ടിയത് അയ്യായിരത്തോളം വോട്ട് മാത്രം. നിലവിലെ നിയമയസഭാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിന് വിജയം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.