ന്യൂഡൽഹി
മണിപ്പുരിൽ ഞായറാഴ്ച അക്രമസംഭവങ്ങൾ കുറഞ്ഞെങ്കിലും സംഘർഷസ്ഥിതി തുടരുന്നു. ഇംഫാൽ, ചുരചന്ദ്പ്പുർ, കാങ്പോക്പി, മൊറേ തുടങ്ങിയ പ്രശ്നബാധിതമേഖലകൾ സൈന്യത്തിന്റെയും അർധസേനയുടെയും കർശന നിയന്ത്രണത്തിലാണ്. ചുരചന്ദ്പ്പുരിൽ ഞായർ പകൽ ഏഴുമുതൽ പത്തുവരെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി കർഫ്യൂവിൽ ഇളവുവരുത്തി. 23,000 പേരെ സുരക്ഷിത ഇടങ്ങളിൽ എത്തിച്ചതായി കരസേന അറിയിച്ചു.
കലാപത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്നതിൽ വ്യക്തതയില്ല. 56 പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. 37 മരണം സ്ഥിരീകരിച്ചതായി മണിപ്പുർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് അറിയിച്ചു.
അതിനിടെ, മണിപ്പുർ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. രാജേഷ് കുമാറിനെ നീക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയിരുന്ന വിനീത് ജോഷിയെ തിരികെവിളിച്ച് നിയമിച്ചു. മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു. പ്രബലരായ മെയ്ത്തീ വിഭാഗത്തിന് എസ്ടി സംവരണം നൽകാനുള്ള ബിജെപി സർക്കാർ നീക്കമാണ് കലാപത്തിന് വഴിയൊരുക്കിയത്. വനമേഖലകളിൽ കഴിയുന്ന കുക്കി ഗോത്രവിഭാഗങ്ങളും മറ്റും ഇതിനെതിരെ രംഗത്തുവന്നതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഗോത്രവിഭാഗക്കാർ കൂടുതലും ക്രൈസ്തവ വിശ്വാസികളാണ്. സംഘപരിവാർ സംഘടനകൾ വർഗീയമായി ഇടപെട്ടതോടെ കലാപം ആളിക്കത്തി.
കലാപത്തിനുപിന്നിൽ ബിജെപിയെന്ന് ട്രൈബൽ ഫോറം
മണിപ്പുർ കലാപം പ്രത്യേകാന്വേഷക സംഘത്തെ (എസ്ഐടി) നിയമിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മണിപ്പുരിലെ ഗോത്രവിഭാഗക്കാരുടെ ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘടന മണിപ്പുർ ട്രൈബൽ ഫോറമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കലാപത്തിന് പിന്നിൽ ബിജെപിയാണെന്ന് ട്രൈബൽ ഫോറം സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മണിപ്പുരിലെ പ്രബല മെയ്ത്തീ വിഭാഗത്തെ എസ്ടി പട്ടികയിൽ ഉൾപ്പെടുത്തുന്നത് ചോദ്യംചെയ്ത് മണിപ്പുർ നിയമസഭയിലെ ഹിൽ ഏരിയ കമ്മിറ്റി അധ്യക്ഷനും ബിജെപി എംഎൽഎയുമായ ദിൻഗാങ്ഗ്ലുങ് ഗാങ്മീയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മെയ്ത്തീ വിഭാഗക്കാർ ഗോത്രവിഭാഗമല്ലെന്ന വാദമാണ് ബിജെപി എംഎൽഎ നൽകിയ ഹർജിയിൽ ഉയർത്തുന്നത്.