ലണ്ടൻ
നരേന്ദ്ര മോദി സർക്കാരിന്റെ തീവ്രഹിന്ദുത്വ നയങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് വിഘാതമാകുന്നെന്ന് അന്താരാഷ്ട്ര ആരോഗ്യ ജേർണൽ ലാൻസെറ്റ്. ജനസംഖ്യയിൽ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാമതായ പശ്ചാത്തലത്തിലാണ് വിവിധ മേഖലയിൽ രാജ്യത്തിന്റെ കരുത്തും വികസനസാധ്യതകളും വിശദമാക്കുന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ശനിയാഴ്ച പ്രസിദ്ധീകരിച്ച 401–-ാം വോള്യത്തിലാണ് ‘ഇന്ത്യയുടെ ഉയർച്ച: നേതൃത്വത്തിന് ആർജവം വേണം’ എന്ന എഡിറ്റോറിയൽ. ഇന്ത്യക്ക് പ്രധാനപ്പെട്ട വർഷമാണ് 2023. രാജ്യം ജി 20യുടെ തലപ്പത്തെത്തി. സെപ്തംബറിൽ അതിന്റെ നേതൃതല ഉച്ചകോടി ഡൽഹിയിൽ നടക്കും. ഉയരുന്ന ജനസംഖ്യ രാജ്യത്തിന് മുതൽക്കൂട്ടാകും. എന്നാൽ, തീവ്രദേശീയതയിൽ ഊന്നിയ മോദി സർക്കാരിന്റെ നയങ്ങളും ബഹുസ്വരതയോടുള്ള വിമുഖതയും രാജ്യത്തിന് വെല്ലുവിളിയാണെന്ന് ലാൻസെറ്റ് പറയുന്നു.
കോവിഡ്കാലത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശ്വാസയോഗ്യമായിരുന്നില്ല. 2020–-21ൽ 47 ലക്ഷം അധിക മരണമാണ് ലോകാരോഗ്യ സംഘടന കണക്കുകൂട്ടിയത്. കേന്ദ്ര സർക്കാർ റിപ്പോർട്ട് ചെയ്തത് 5.3 ലക്ഷം കോവിഡ് മരണം മാത്രവും. ജനറിക് മരുന്നുകളുടെ വലിയ ഉൽപ്പാദകരായ ഇന്ത്യ അടുത്തിടെയായി ഗുണനിലവാരമില്ലാത്തതും കേടായതുമായ മരുന്നുകൾ കയറ്റിയയച്ച് പല രാജ്യത്തും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കി. നരേന്ദ്ര മോദിയുടെ ഭരണത്തിൽ മാധ്യമസ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ ഏറെ പിന്നിലായി. 180 രാജ്യത്തിൽ 161–-ാം ഇടം. തീവ്ര ഹിന്ദുത്വം പിൻതുടരുന്ന മോദി സർക്കാർ മറ്റു മതവിഭാഗങ്ങളെ അടിച്ചമർത്തുന്നു. സുതാര്യതയും സമത്വവും ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പൂർണ പരാജയമാണ്. അതുകൊണ്ടുതന്നെ രാജ്യം പല അവസരവും കളഞ്ഞുകുളിക്കുകയാണെന്നും- മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.