തിരുവനന്തപുരം
വനിതാ പൊലീസുകാർ അഭിമുഖീകരിക്കുന്ന ജോലി സംബന്ധവും വ്യക്തിപരവുമായ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരത്തിനുമായി ‘അവൾ’ തയ്യാർ. തിരുവനന്തപുരം റൂറൽ പൊലീസാണ് വനിതാ പൊലീസുകാർക്കായി ‘ഷി’ പദ്ധതി തയ്യാറാക്കിയത്. എല്ലാ പൊലീസ് സ്റ്റേഷനിലും മെന്റർ സംവിധാനവും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ പൊലീസുകാർക്ക് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പലപ്പോഴും പുരുഷ ഓഫീസർ മെന്ററുമായി പങ്കിടാൻ പ്രയാസമായിരിക്കും. ഈ വിടവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനിതാ പൊലീസുകാർക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കിയത്.
ജില്ലയിലെ വനിതാ പൊലീസിന്റെ വ്യക്തിപരവും ജോലിയുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങൾ തിരിച്ചറിയുക, ആവശ്യങ്ങളിലും പ്രശ്നങ്ങളിലും ഉടനടി ശ്രദ്ധ നൽകുകയും അവരുടെ ഔദ്യോഗികവും വ്യക്തിപരവുമായ ക്ഷേമത്തിന് മതിയായ പിന്തുണ നൽകുകയും ചെയ്യുക, ജോലി സ്ഥലങ്ങളിൽ എല്ലാത്തരം ഉപദ്രവവും ഒഴിവാക്കുക, സ്റ്റേഷനുള്ളിൽ ആരോഗ്യകരവും സൗഹാർദപരവുമായ പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനത്തിലേക്ക് നയിക്കുക, സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കാനും അതിനുള്ള പരിഹാരങ്ങൾ നേടാനും സുശക്തവും സുരക്ഷിതവുമായ ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വനിതാ സെൽ സിഐ നോഡൽ ഓഫീസറായ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. എല്ലാ സബ്ഡിവിഷനിൽ നിന്നുള്ള വനിതകളായ എസ്ഐമാരെയും എഎസ്ഐമാരെയും കമ്മിറ്റിയിൽ നിയമിച്ചിട്ടുണ്ട്. പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ എല്ലാ മാസവും അവലോകന യോഗവും ചേരും. ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾക്ക് എസ്പിയുടെ നേതൃത്വത്തിലാണ് പരിഹാരം നിർദേശിക്കുന്നത്.