തിരുവനന്തപുരം
ആരോഗ്യവളന്റിയർമാരായ ആശാവർക്കർമാരെ പഠിപ്പിച്ച് മിടുക്കരാക്കാൻ പദ്ധതിയുമായി ആരോഗ്യ കേരളം. ആശാവർക്കർമാരുടെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസിൽനിന്ന് പത്താംക്ലാസ് ആക്കി ഉയർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. നിലവിലുള്ളവരിൽ പത്താംക്ലാസ് പാസാകാത്തവരെ സാക്ഷരതാമിഷന്റെ സഹായത്തോടെ പത്താതരം തുല്യതാ കോഴ്സിൽ ചേർത്ത് പഠിപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാനത്ത് 2039 ആശാവർക്കർമാരെയാണ് സാക്ഷരതാ മിഷനിലൂടെ പഠിപ്പിക്കുന്നത്. ഇവരുടെ രജിസ്ട്രേഷൻ ഫീസ്, കോഴ്സ് ഫീസ് എന്നിവ പൂർണമായും ആരോഗ്യകേരളമാണ് വഹിക്കുന്നത്.
കോവിഡ് കാലഘട്ടത്തിലുൾപ്പെടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഓടിനടക്കുന്നവരാണ് ആശാവർക്കർമാർ. അവരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ എപ്പോഴും കൈക്കൊള്ളുന്നത്. അതിന്റെ തുടർ നടപടിയായിട്ടാണ് ആശാമാരെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നത്. കോവിഡ്കാലത്ത് ആരോഗ്യവിവര ശേഖരണങ്ങൾ ഓൺലൈനാക്കി മാറ്റിയിരുന്നു. ഇതിനായി കംപ്യൂട്ടർ പരിശീലനം ഉൾപ്പെടെ നൽകിയാണ് ഇവരെ സജ്ജരാക്കിയത്. ഇവർക്കുവേണ്ടി സാക്ഷരതാമിഷന്റെ ക്ലാസ് ജൂണിൽ ആരംഭിച്ചു.