ന്യൂഡൽഹി
ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ 21നകം അറസ്റ്റ് ചെയ്യണമെന്ന് കർഷക സംഘടനകളും സമരം ചെയ്യുന്ന താരങ്ങളും കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി. നടപടിയുണ്ടായില്ലെങ്കിൽ ഡൽഹി ഉപരോധമടക്കമുള്ള തീവ്രസമരത്തിലേക്ക് കടക്കും. ആർഎൽഡിയും ഭാരതീയ കിസാൻ യൂണിയനും ഡൽഹി ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായർ വൈകിട്ട് സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് തുടങ്ങിയവർ മാധ്യമങ്ങളെ കണ്ടു. 21വരെ ഈ രൂപത്തിൽ സമരം തുടരുമെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അന്നേദിവസം യോഗം ചേർന്ന് വൻ പ്രക്ഷോഭത്തിന് ആഹ്വാനം നൽകുമെന്നും അവർ പറഞ്ഞു. നടക്കാനിരിക്കുന്ന ദേശീയ –-അന്തർദേശീയ മത്സരങ്ങൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ആരോപണങ്ങൾ തെളിയിച്ചാൽ സ്വയം കെട്ടിത്തൂങ്ങുമെന്ന് ബ്രിജ് ഭൂഷൺ പ്രതികരിച്ചു.
താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മാർച്ച് പ്രഖ്യാപിച്ച കർഷകരെ അതിർത്തിയിൽ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകളടക്കമുള്ള ആയിരങ്ങൾ പ്രതിരോധം തകർത്ത് ഡൽഹിയിൽ പ്രവേശിച്ചു. മഹാപഞ്ചായത്തും നടത്തി. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിൽ ഞായർ വൈകിട്ട് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിന്റെ ഏഷ്യ പസഫിക് റീജ്യൺ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.