അമ്പലപ്പുഴ
നീറ്റ് പരീക്ഷയ്ക്ക് സെന്റർ മാറിയെത്തിയ വിദ്യാർഥിനിയെ കൃത്യസ്ഥലത്തെത്തിച്ച് പരീക്ഷയെഴുതാൻ സഹായിച്ച് പൊലീസ്. മാന്നാർ സ്വദേശിനി ഹൃദ്ദികക്ക് പുന്നപ്ര പൊലീസാണ് കൈത്താങ്ങായത്.
മുഹമ്മ കെ ഇ കാർമൽ കോളേജിലായിരുന്നു ഹൃദ്ദികയുടെ പരീക്ഷ സെന്റർ. എന്നാൽ സഹോദരനൊപ്പം ബൈക്കിൽ ഹൃദ്ദിക പരീക്ഷയെഴുതാൻ എത്തിയത് പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജിൽ. ക്ലാസ്മുറിയിൽ പരിശോധനകൾക്കിടയിലാണ് സെന്റർ മാറിയ വിവരം അറിയുന്നത്. ഈ സമയം സഹോദരൻ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഹൃദ്ദിക ആശങ്കയിലായി. വിവരം പുന്നപ്ര എസ്ഐ കെ രാകേഷിനെ അറിയിച്ചതോടെ മുഹമ്മയിലെ പരീക്ഷ സെന്ററുമായി ബന്ധപ്പെട്ട് വിവരം കൈമാറി. അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി നായർ, പുന്നപ്ര എസ്എച്ച്ഒ ലെെസാദ് മുഹമ്മദ് എന്നിവരുടെ നിർദേശാനുസരണം എസ്ഐയും ഗ്രേഡ് എസ്ഐ സുരേഷ്കുമാറും ചേർന്ന് ഞായർ പകൽ 1.35ന് ഹൃദ്ദികയുമായി പൊലീസ് ജീപ്പ് പാഞ്ഞു. 20 കിലോമീറ്റർ ഓടി പകൽ രണ്ടിനുമുമ്പായി ഹൃദ്ദികയെ മുഹമ്മയിലെ സെന്ററിലെത്തിച്ച് പരീക്ഷ എഴുതിക്കുകയായിരുന്നു.