തിരുവനന്തപുരം
സംസ്ഥാനത്ത് മേയിലെ റേഷൻ വിതരണം ശനിയാഴ്ച ആരംഭിച്ചു. 3,10,142 കാർഡുടമകൾ ഒറ്റദിവസം റേഷൻ കൈപ്പറ്റി. മേയിൽ വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കും. ഇ പോസ് സംവിധാനത്തിലെ സാങ്കേതികത്തകരാർ കാരണം സംസ്ഥാനത്ത് ഒരാൾക്കും ഏപ്രിലിൽ റേഷൻ മുടങ്ങിയിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഏപ്രിലിലെ റേഷൻ വെള്ളിയാഴ്ചവരെ വിതരണം ചെയ്തു. റേഷൻ ലഭിക്കാത്തതായി ആരും പരാതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ശരാശരി റേഷൻ വിതരണത്തോത് 75 മുതൽ- 80 ശതമാനംവരെയാണ്. ഏപ്രിലിൽ 78 ശതമാനം കാർഡുടമകളും മാർച്ചിൽ 83.7 ശതമാനവും റേഷൻ കൈപ്പറ്റി. ബാക്കിയുള്ളത് സ്ഥിരമായി റേഷൻ വാങ്ങാത്തവരാണ്. നാട്ടിൽ ഇല്ലാത്തവരോ ആധാർ ലിങ്ക് ചെയ്യാത്തവരോ ആണ് ഇവർ. സാങ്കേതികത്തകരാർ കാരണം രണ്ടു ദിവസംമാത്രമാണ് വിതരണം പൂർണമായി മുടങ്ങിയത്.