കൊച്ചി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 57–-ാം സംസ്ഥാന സമ്മേളനത്തിന് എറണാകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഉജ്വല തുടക്കം. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഞായർ രാവിലെ 10ന് അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന് തുടക്കംകുറിച്ച് ശനി രാവിലെ ഡോ. എം എ നാസർ പതാക ഉയർത്തി. തുടർന്ന് സംസ്ഥാന കൗൺസിൽ ചേർന്നു. എം ഷാജഹാൻ റിപ്പോർട്ടും പി വി ജിൻരാജ് കണക്കും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. വൈകിട്ട് ഹൈക്കോടതി ജങ്ഷനിൽനിന്നുള്ള പ്രകടനത്തിൽ മുഴുവൻ ഗസറ്റഡ് ജീവനക്കാരും അണിനിരന്നു. മുത്തുക്കുടകൾ, ബാൻഡ്മേളം, പഞ്ചാരിമേളം, തെയ്യം തുടങ്ങിയ കലാരൂപങ്ങളും വാദ്യമേളവും റാലിക്ക് കൊഴുപ്പേകി.
ടൗൺഹാൾ മൈതാനത്ത് ചേർന്ന പൊതുസമ്മേളനത്തിൽ ഡോ. എം എ നാസർ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി, എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പ്രമോദ് നാരായണൻ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ, സെക്രട്ടറി ഡോ. യു സലിൽ എന്നിവർ സംസാരിച്ചു.
ഞായർ പകൽ 11ന് പ്രതിനിധിസമ്മേളനം തുടങ്ങും. പ്രമേയാവതരണം, പൊതുചർച്ച, മറുപടി എന്നിവയ്ക്കുശേഷം വൈകിട്ട് അഞ്ചിന് ഓപ്പൺഫോറം നടക്കും. ഡോ. ടി എം തോമസ് ഐസക് വിഷയം അവതരിപ്പിക്കും.തുടർന്ന് കലാപരിപാടികൾ അരങ്ങേറും. തിങ്കളാഴ്ച പ്രതിനിധിസമ്മേളനം തുടരും. യാത്രയയപ്പ് സമ്മേളനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.