ന്യൂഡൽഹി
കലാപവും ഭീകരാക്രമണവും രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോഴും ബിജെപിക്ക് വോട്ട് പിടിക്കാൻ ഓടിനടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പുരിൽ മനുഷ്യർ മരിച്ചുവീഴുമ്പോഴും ജമ്മു ––കശ്മീരിൽ സൈനികർ വീരമൃത്യു വരിക്കുമ്പോഴും ബംഗളൂരു റോഡ്ഷോയിൽ പുഷ്പവൃഷ്ടി ഏറ്റുവാങ്ങാൻ പ്രധാനമന്ത്രിക്ക് ഒരു വൈമനസ്യവുമില്ല. രണ്ട് വിഷയത്തിനും പ്രചരണവേദിയില് പോലും മോദി പ്രതികരിക്കാന് തയാറായിട്ടില്ല.
കോൺഗ്രസിൽനിന്ന് എൻ ബീരേൻസിങ്ങിനെ കൂറുമാറ്റി കൊണ്ടുവന്ന് മണിപ്പുരിൽ മുഖ്യമന്ത്രിയായി വീണ്ടും വാഴിച്ചത് മോദിയുടെ നേതൃത്വത്തിലാണ്. എന്നാൽ, അവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബിജെപി സർക്കാരിന് കഴിഞ്ഞില്ല. ജനവിരുദ്ധനയങ്ങളും അഴിമതിയും കാരണം ബിജെപി പരാജയഭീഷണി നേരിടുന്ന കർണാടകയിൽ തീവ്ര പ്രചാരണത്തിൽ മുഴുകിയിരിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പുരിലെ കാര്യം ശ്രദ്ധിക്കാൻ നേരമില്ല. അതേസമയം, ‘ദ കേരള സ്റ്റോറി’ എന്ന വിദ്വേഷസിനിമയെ പുകഴ്ത്തി കർണാടകയിൽ വോട്ട് കിട്ടുമോ എന്നാണ് പരീക്ഷണം നടത്തുന്നുണ്ട്.
ജമ്മു–കശ്മീരിൽ കേന്ദ്രനയം പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. ഭീകരവാദം അമർച്ച ചെയ്യാനെന്ന പേരിൽ ജനങ്ങളുടെയും പ്രതിപക്ഷ രാഷ്ട്രീയ പാർടികളുടെയും ജനാധിപത്യ അവകാശം നിഷേധിച്ചവർ ഇപ്പോൾ മൗനത്തിലാണ്. ഛത്തീസ്ഗഢിൽ ഏപ്രിൽ അവസാനം തീവ്രവാദ ആക്രമണത്തിൽ 10 പൊലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്മയും ജനങ്ങളുടെ ദുരിതങ്ങളും പെരുകുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ അതിക്രമങ്ങൾ വർധിച്ചു. രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ ഗുസ്തി താരങ്ങൾ ബിജെപി എംപിയുടെ ലൈംഗിക ആക്രമണങ്ങൾക്കെതിരെ തെരുവിൽ രണ്ടാഴ്ചയായി പ്രതിഷേധത്തിലാണ്. ഇതിലൊന്നും ഇടപെടാതെ വോട്ട് ചോദിക്കുകയാണ് പ്രധാനമന്ത്രി.