ചെന്നൈ
ഐപിഎൽ ക്രിക്കറ്റിൽ കൂടുതൽ തവണ കിരീടം നേടിയവരുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് ജയം. മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു.
സ്കോർ: മുംബൈ 8–-139, ചെന്നൈ 4––140 (17.4)
മുംബൈയുടെ ചെറിയ സ്കോർ ചെന്നൈ അനായാസം മറികടന്നു. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്ക്വാദും (30) ഡെവൻ കോൺവെയും (44) വിജയത്തിന് അടിത്തറയിട്ടു. അജിൻക്യ രഹാനെയും (21) അമ്പാട്ടി റായിഡുവും (12) പുറത്തായി. ശിവം ദുബെയും (26) എം എസ് ധോണിയും (2) പുറത്താകാതെനിന്നു. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റെടുത്തെങ്കിലും പ്രതിരോധിക്കാനുള്ള സ്കോറില്ലായിരുന്നു.
മൂന്നാം ഓവർ എറിഞ്ഞ ദീപക് ചഹാറാണ് മുംബൈ കൂടാരത്തിൽ ബോംബിട്ടത്. പേസർ നാല് പന്തിൽ രണ്ട് വിക്കറ്റെടുത്തു. ഏഴ് റണ്ണെടുത്ത് ഇഷാൻ കിഷനാണ് ആദ്യം മടങ്ങിയത്. മൂന്ന് പന്ത് നേരിട്ട് റണ്ണെടുക്കാതെയുള്ള ക്യാപ്റ്റൻ രോഹിത് ശർമയുടെ മടക്കം നൽകിയ ആഘാതത്തിൽനിന്ന് മുംബൈ കരകയറിയില്ല.
രണ്ടാമത്തെ ഓവറിൽ തുഷാർ പാണ്ഡെ ഓപ്പണർ കാമറൂൺ ഗ്രീനിനെ (6) വീഴ്ത്തി. 14 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ മുംബൈയെ നെഹൽ വധേരയും സൂര്യകുമാർ യാദവും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. 22 പന്തിൽ 26 റണ്ണുമായി സൂര്യകുമാർ മടങ്ങി. അർധ സെഞ്ചുറി കണ്ട വധേര 51 പന്തിൽ 64 റണ്ണടിച്ചു. പഞ്ചാബിൽനിന്നുള്ള ഇരുപത്തിരണ്ടുകാരൻ എട്ട് ഫോറും ഒരു സിക്സറും പറത്തി. അഞ്ചുതവണ ജേതാക്കളായ മുംബൈയുടെ ഏക സിക്സറായിരുന്നു അത്. അവസാന അഞ്ച് ഓവറിൽ നേടാനായത് 46 റൺ. അതിനിടെ നാല് വിക്കറ്റും നഷ്ടപ്പെടുത്തി. നാല് ഓവറിൽ 15 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ശ്രീലങ്കയുടെ ഇരുപതുകാരൻ പേസർ മതീഷ പതിരണയുടെ ബൗളിങ് നിർണായകമായി. പതിരണയാണ് കളിയിലെ താരം. ദീപക് ചഹാറും തുഷാർ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ്വീതം സ്വന്തമാക്കി. ജയത്തോടെ ചെന്നൈ, ഗുജറാത്ത് ടൈറ്റൻസിനുപിന്നിൽ രണ്ടാമതായി.
രോഹിത്
പൂജ്യത്തിൽ
ഒന്നാമൻ
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ഐപിഎൽ ക്രിക്കറ്റിൽ കൂടുതൽ തവണ റണ്ണെടുക്കാതെ പുറത്താകുന്ന കളിക്കാരനായി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൂന്ന് പന്ത് നേരിട്ടാണ് മടങ്ങിയത്. ദീപക് ചഹാറിന്റെ പന്തിൽ രവീന്ദ്ര ജഡേജ പിടിക്കുകയായിരുന്നു. പൂജ്യത്തിന് പുറത്താകുന്നത് 16–-ാംതവണയാണ്. സുനിൽ നരെയ്ൻ, മൻദീപ് സിങ്, ദിനേശ് കാർത്തിക് എന്നിവർ 15 തവണ റണ്ണെടുക്കാതെ പുറത്തായിട്ടുണ്ട്. പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞകളിയിലും രോഹിത് പൂജ്യത്തിന് പുറത്തായിരുന്നു. 10 കളിയിൽ നേടിയത് 184 റൺ. അതിൽ ഒരു അർധ സെഞ്ചുറിമാത്രം. അഞ്ച് കളിയിൽ ഇരട്ട അക്കം കണ്ടില്ല.