കൊച്ചി> യുഡിഎഫിന്റെ സംസ്കാരമല്ല എൽഡിഎഫിന് എന്നതുകൊണ്ടാണ് യുഡിഎഫ് ഉന്നയിക്കുന്ന ദുരാരോപണങ്ങളും ഇല്ലാക്കഥകളും ജനങ്ങളിൽ ഏശാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (കെജിഒഎ) 57–-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം എറണാകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുതാര്യമായി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരും മന്ത്രിസഭയുമാണിത്. സർക്കാരിനെതിരെ ദുരാരോപണങ്ങളും നുണക്കഥകളും കെട്ടിപ്പൊക്കുന്ന വലതുപക്ഷ മാധ്യമങ്ങളും സ്വയം പരിഹാസ്യരാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർടികൾക്ക് ചേരുന്ന പ്രവർത്തനമല്ല യുഡിഎഫും ബിജെപിയും നടത്തുന്നത്. ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണ് അവർ. സംസ്ഥാനത്തെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന പ്രത്യേക മാനസികാവസ്ഥയാണ് അവർക്കുള്ളത്. ഏതു പ്രതിസന്ധിയിലും വികസന പദ്ധതികളിൽ വീഴ്ചവരുത്തില്ലെന്ന ഉറപ്പുള്ളതിനാലാണ് എൽഡിഎഫിനെ വീണ്ടും ജനം അധികാരത്തിലേറ്റിയത്. ദുരാരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് അതൊന്നും തടയാനാകില്ല.
ഇ– ഗവേണൻസ് ഉൾപ്പെടെ നടപ്പാക്കിയതിന് അനുസൃതമായ കാര്യക്ഷമത സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ടോ എന്നത് ഗൗരവത്തോടെ പരിശോധിക്കണം. സർക്കാരിന്റെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത, ഉത്തരവാദിത്വം എന്നിവ മെച്ചപ്പെടുത്താനാണ് ഇ–-ഗവേണൻസ് നടപ്പാക്കിയത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അതിനെ ഉപയോഗിക്കാനാകണം. അതുവഴി അഴിമതിയും ഇല്ലാതാക്കാം. ഉദ്യോഗസ്ഥ അഴിമതി രാജ്യത്ത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. സാങ്കേതികവിദ്യ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി മാറാനാകണം.
ഫയലുകൾ തീർപ്പില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകരുത്. അദാലത്തുകളിലൂടെ ഫയലുകൾ തീർപ്പാക്കിയാലും പഴയസ്ഥിതിയിലേക്ക് പോകുന്നു. നിശ്ചിതസമയത്തുതന്നെ ഫയലുകളിൽ തീർപ്പുണ്ടാക്കാൻ ജാഗ്രത കാണിക്കണം. സർക്കാർ പദ്ധതികളുടെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വലിയ പങ്കാണുള്ളത്. ഉദ്യോഗസ്ഥരുടേത് ജനങ്ങളെ മുന്നിൽക്കണ്ടുള്ള പ്രവർത്തനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.