മുംബൈ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് പരിക്കിന്റെ ആശങ്ക ഒഴിയുന്നില്ല. ഐപിഎൽ കളിക്കുന്നവരിൽ പലരും പരിക്കിന്റെ പിടിയിലാണ്. ജൂൺ ഏഴുമുതൽ 12 വരെ ഓവലിലാണ് ഫൈനൽ. ഓസ്ട്രേലിയയാണ് എതിരാളികൾ. ടെസ്റ്റ് ടീമിന്റെ ഭാഗമായുള്ള കളിക്കാർ ഐപിഎൽ മത്സരങ്ങൾ തുടർച്ചയായി കളിക്കരുതെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ, ഇതുവരെ അത് നടപ്പായിട്ടില്ല. ഇതിനകം വിക്കറ്റ് കീപ്പർ ബാറ്റർ ലോകേഷ് രാഹുൽ പരിക്കുകാരണം ടീമിൽനിന്ന് പുറത്തായി. പേസർമാരായ ജയദേവ് ഉനദ്ഘട്ട്, ഉമേഷ് യാദവ്, ശാർദുൽ ഠാക്കൂർ എന്നിവർ സംശയത്തിലുമായി. ഐപിഎല്ലിനുമുമ്പുതന്നെ ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെ നഷ്ടമായിരുന്നു.
രാഹുലിന് ഉടൻ ശസ്ത്രക്രിയ വേണ്ടിവരും. ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായിരുന്നു. ലഖ്നൗവിന്റെ ബൗളറാണ് ഉനദ്ഘട്ട്. ടീമിന്റെ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഐപിഎല്ലിൽ തുടരാനാകില്ല. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഈ മുപ്പത്തൊന്നുകാരൻ. ടെസ്റ്റ് ഫൈനലിനുമുമ്പ് ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. 15 അംഗ ടീമിലെ ഏക ഇടംകൈ പേസറാണ് ഉനദ്ഘട്ട്.
പേസ് നിരയിലെ മറ്റ് രണ്ട് താരങ്ങളായ ഉമേഷും ശാർദുലും പരിക്കുകാരണം ഐപിഎല്ലിലെ അവസാന മത്സരങ്ങൾ കളിച്ചില്ല. ഇരുവരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളിക്കാരാണ്. ഉമേഷിന് പേശീവലിവാണ്. ശാർദുൽ ഐപിഎല്ലിലെ അടുത്ത മത്സരങ്ങളിൽ കളിച്ചേക്കും.