തിരുവനന്തപുരം
പറയുന്ന കള്ളങ്ങളിൽപ്പോലും ഏകാഭിപ്രായം ഇല്ലാത്തതിനാൽ സേഫ് കേരള പദ്ധതിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും തിരിഞ്ഞുകുത്തുന്നു. കഴിഞ്ഞയാഴ്ച 132 കോടി രൂപയുടെ അഴിമതിയെന്നാണ് രമേശ് ചെന്നിത്തല അവകാശപ്പെട്ടതെങ്കിൽ ശനിയാഴ്ച ‘രേഖകൾ’ പുറത്തുവിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അത് 100 കോടിയാക്കി കുറച്ചു. മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പങ്കാളിത്തത്തിൽ തെളിവുണ്ടെന്നുപറഞ്ഞ അദ്ദേഹം അന്വേഷണ ഏജൻസിയെ ഏൽപ്പിക്കാമെന്നു പറഞ്ഞ് മലക്കംമറിഞ്ഞു.
അന്വേഷണ കാര്യത്തിൽ പ്രചരിപ്പിക്കുന്നതും കള്ളമാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിൽ മാത്രമല്ല, പദ്ധതിയെക്കുറിച്ചുള്ള സമഗ്ര പരിശോധനയാണ് വിജിലൻസ് നടത്തുന്നത്. സർക്കാർ പണം ചെലവഴിച്ചിട്ടില്ലാത്തതിനാൽ സാമ്പത്തിക അഴിമതിയുടെ പ്രശ്നമില്ല. ഏതെങ്കിലും ഘട്ടത്തിൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നത് പരിശോധിക്കും. നിബന്ധനകൾ ലംഘിച്ചാൽ പദ്ധതിയിൽനിന്ന് പിന്മാറുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് കെൽട്രോണുമായുള്ള കരാർ. രേഖകളുടെ ഒരു ഭാഗംമാത്രം ഉയർത്തിപ്പിടിച്ച് പുകമറ സൃഷ്ടിച്ച് സർക്കാരിനെ കരിവാരിത്തേക്കാനണ് ശ്രമം. കമ്പനികളുടെ രേഖകളിൽ പ്രതിപക്ഷനേതാക്കൾ ഒഴിവാക്കിയ ഭാഗങ്ങൾ സത്യം പറയുന്നുണ്ട്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ യുഡിഎഫിനുവേണ്ടി രാപകലില്ലാതെ വാർത്തയാക്കുകയാണ് മാധ്യമങ്ങൾ. കൊള്ളലാഭമുണ്ടാക്കാൻ ശ്രമിച്ച കമ്പനികളുടെയും ടെൻഡറിൽപ്പോലും പങ്കെടുക്കാതെ കാമറകൾക്ക് ‘സൗജന്യ വില’ പ്രഖ്യാപിച്ചവരുടെയും വക്താക്കളായി ഇവർ മാറി. എൽഡിഎഫിനോടുള്ള രാഷ്ട്രീയ വിരോധംമൂലം വസ്തുതകൾ മാധ്യമങ്ങൾ അന്വേഷിച്ചില്ല.
സുതാര്യമല്ലാത്തതിനാൽ കരാറിൽനിന്ന് പിന്മാറിയെന്നു പറയുന്ന കമ്പനികൾ അന്ന് എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്ന ചോദ്യം പ്രസക്തമാണ്. വ്യവസായവകുപ്പ് സെക്രട്ടറിക്ക് ഒരു കമ്പനി കത്തുനൽകിയത് വൻ വാർത്തയാക്കിയവർ സർക്കാർ കൊടുത്ത മറുപടി വകവച്ചില്ല. അഴമതി ആരോപണവുമായി കോടതിയിൽ പോകില്ലെന്ന് രമേശ് ചെന്നിത്തലയും സതീശനും ആവർത്തിച്ച് പറയുന്നതിൽനിന്നുതന്നെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകും.
കെൽട്രോണിന്റെ വികസനവഴി
മുടക്കുമെന്ന് ആശങ്ക
വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഓർഡറുകൾ ലഭിക്കുന്നതിനിടെ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ബാധിക്കുമെന്ന് ആശങ്ക. കെൽട്രോൺ കേരളത്തിൽ സ്ഥാപിച്ച എഐ കാമറ ഉൾപ്പെടുന്ന ഗതാഗതനിരീക്ഷണ സംവിധാനം രാജ്യത്തുതന്നെ ആദ്യത്തേതാണ്.
പദ്ധതി രാജ്യശ്രദ്ധ ആകർഷിച്ചതോടെ നിരവധി അന്വേഷണമാണ് എത്തുന്നത്. മഹാരാഷ്ട്രയിലും ഗതാഗതനിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ കെൽട്രോണിനെ സമീപിച്ചിട്ടുണ്ട്. മുംബൈ– -പുണെ എക്സ്പ്രസ് ഹൈവേയിൽ സംവിധാനമൊരുക്കാൻ 9.05 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്. തുടർന്ന് ദേശീയപാതാ അതോറിറ്റിയുടെ പാതകളിൽ സമാനമായ പദ്ധതികൾക്ക് നിരവധി ആവശ്യക്കാരെത്തി. 300 കോടിയിലധികം രൂപയുടെ കരാർ ലഭിക്കുംവിധമുള്ള അന്വേഷണങ്ങളാണ് എത്തിയതെന്ന് കെൽട്രോൺ അധികൃതർ പറയുന്നു
കെൽട്രോൺ എഐ കാമറ സംവിധാനത്തിന്റെ ഗുണമേന്മയാണ് പ്രധാന ആകർഷണം. 200 കിലോമീറ്ററിലേറെ വേഗത്തിൽ ചീറിപ്പാഞ്ഞാലും വാഹനം തിരിച്ചറിയാൻ കഴിയുന്നതാണ് സംവിധാനം. രാജ്യത്ത് മറ്റൊരു സ്ഥാപനവും ഈ സാങ്കേതികവിദ്യയിൽ ഇത്രയും വ്യക്തമായ ചിത്രങ്ങൾ പതിയുന്ന കാമറാ യൂണിറ്റ് വികസിപ്പിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞവർഷം മുംബൈയിൽ നടന്ന വ്യവസായ പ്രദർശനത്തിൽ കെൽട്രോണിന്റെ കാമറ അവതരിപ്പിച്ചപ്പോൾ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രശംസിച്ചിരുന്നു.