കൊച്ചി
മലയാളികളെക്കുറിച്ച് വിദ്വേഷപ്രചാരണം ലക്ഷ്യമിടുന്ന വിവാദസിനിമ ‘ദ കേരള സ്റ്റോറി’ കേരളത്തിലെ തിയറ്ററുകളിൽ ചലനമുണ്ടാക്കിയില്ലെന്ന് ഉടമകൾ. പ്രദർശനത്തിന് തയ്യാറായ തിയറ്ററുകൾ പലതും പിന്മാറി. ഓൺലൈനായി സീറ്റുകൾ ബുക്ക് ചെയ്തിരുന്ന അത്രയും കാണികൾ തിയറ്ററിലേക്ക് എത്തിയില്ല. വിവാദസിനിമ എന്ന പേരിലാണ് കുറച്ചുപേരെങ്കിലും എത്തിയതെന്നും രണ്ടുദിവസത്തിനുള്ളിൽ അതും അവസാനിക്കുമെന്നും തിയറ്റർ ഉടമകൾ പറഞ്ഞു.
സിനിമയുണ്ടാക്കിയ വിവാദത്തിന് അനുസരിച്ച് കാണികളുടെ ഒഴുക്ക് ദൃശ്യമായില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. കേന്ദ്ര സെൻസർ ബോർഡ് സെൻസർ ചെയ്ത സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിക്കാൻ തിയറ്ററുകൾക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 30 സ്ക്രീനുകളിൽ പ്രദർശിപ്പിക്കാനിരുന്നത് 21 ആയി ഒതുങ്ങി. കൊച്ചി, തിരുവനന്തപുരം ലുലു മാളുകളിലെ പിവിആറിൽ പ്രദർശനം വേണ്ടെന്നുവച്ചു. കൊച്ചിയിൽ മൂന്ന് തിയറ്ററുകളിൽ ദ കേരള സ്റ്റോറിയുടെ രണ്ടുവീതം പ്രദർശനമാണുള്ളത്. മാളുകളിൽ, സെന്റർ സ്ക്വയറിൽമാത്രമാണ് പ്രദർശിപ്പിച്ചത്. പിറവം ദർശന തിയറ്ററിൽ ഒരു പ്രദർശനം തീരുമാനിച്ചെങ്കിലും കാണികളില്ലാതെ റദ്ദാക്കി. ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത അത്രയും കാണികൾ സിനിമ കാണാൻ എത്തിയില്ലെന്ന് നഗരത്തിലെ തിയറ്ററുടമ പറഞ്ഞു.
കാണികളില്ലെങ്കിൽ മറ്റ് സിനിമകൾ പ്രദർശിപ്പിക്കാനാണ് തീരുമാനമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ സെക്രട്ടറി ലിബർട്ടി ബഷീർ പറഞ്ഞു. കൊച്ചി ഷേണായീസ് തിയറ്ററിലേക്ക് മുസ്ലിം സംഘടനകളുടെ പ്രതിഷേധ മാർച്ച് ഉണ്ടായതൊഴിച്ചാൽ മറ്റെവിടെയും പ്രശ്നങ്ങളുണ്ടായില്ല.
പ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള ‘2018’ സിനിമ പ്രേക്ഷകശ്രദ്ധ നേടിയതും വിവാദസിനിമയ്ക്ക് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് 2018ന് ലഭിക്കുന്നതെന്ന് ആലുവയിലെ തിയറ്റർ ഉടമ പറഞ്ഞു.
സംവിധായകനും
നിർമാതാവും
വഞ്ചിച്ചെന്ന്
തിരക്കഥാകൃത്ത്
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന സംഘപരിവാർ ചിത്രമായ ദ കേരള സ്റ്റോറിയുടെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് യുവ സംവിധായൻ യദു വിജയകൃഷ്ണൻ രംഗത്ത്. തിരക്കഥ എഴുതിയ യദുവിന്റെ പേര് സിനിമയിൽ ഉൾപ്പെടുത്താതെയും പ്രതിഫലം നൽകാതെയും പറ്റിച്ചെന്നാണ് ആരോപണം. സംവിധായകൻ സുദീപ്തോ സെന്നുമായി നടത്തിയ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടും യദു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 2021 ൽ ആണ് യുവതികളുടെ മതപരിവർത്തനം സംബന്ധിച്ച പത്രവാർത്തകൾ വാട്സാപ്പിൽ അയച്ച് സിനിമയ്ക്ക് വേണ്ടി കഥ എഴുതാമോയെന്ന് സുദീപ്തോ ചോദിച്ചതെന്ന് യദു പറഞ്ഞു. കഥയെഴുതി നൽകിയശേഷം സിനിമയുടെ മലയാളം, ഹിന്ദി പതിപ്പുകൾക്കായി തിരക്കഥയെഴുതാൻ ആവശ്യപ്പെട്ടു. കരാറും ഒപ്പിട്ടു. തിരക്കഥ പൂർത്തിയായപ്പോൾ തുച്ഛമായ തുകയാണ് നൽകിയത്. ഇതോടെ ചിത്രത്തിൽ നിന്നും യദു പിന്മാറുകയായിരുന്നു. ഏഴ് വർഷത്തെ ഗവേഷണത്തിന് ഒടുവിലാണ് കേരള സ്റ്റോറി സംവിധാനം ചെയ്തതെന്നായിരുന്നു സുദീപ്തോ സെന്നിന്റെ അവകാശവാദം.